വിവാഹ വാഗ്ദാനം നൽകി നൂറിലധികം സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി നൂറിലധികം സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. ഒഡിഷ സ്വദേശിയായ ഫർഹാൻ ഖാൻ ആണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് ബി.എം.ഡബ്ല്യു കാറും നിരവധി എ.ടി.എമ്മുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തു.

മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ജോലി ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. എയിംസിലെ ഒരു വനിതാ ഡോക്ടർ പ്രതിക്കെതിരെ സൗത്ത് ഡൽഹി സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണമാരംഭിക്കുകയായിരുന്നു. ജീവൻസതി മാട്രിമോണിയൽ പോർട്ടൽ വഴിയാണ് ഫർഹാനെ കണ്ടുമുട്ടിയതെന്നും അവിവാഹിതനാണെന്ന് അവകാശപ്പെട്ട ഇയാൾ ബിസിനസ് ആവശ്യത്തിനായി 15 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറഞ്ഞു.

പ്രതി പന്ത്രണ്ടാം ക്ലാസ് പാസ്സായ ആളാണെന്നും ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കൾ മരിച്ചുവെന്ന് അവകാശപ്പെട്ട പ്രതി മാട്രിമോണിയൽ വെബ്‌സൈറ്റുകൾ വഴി ജോലിക്കാരായ പെൺകുട്ടികളെ വഞ്ചിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഫർഹാൻ പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ വഞ്ചിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. തനിക്ക് ബിസിനസ് ഉണ്ടെന്നും എൻജിനിയറിങ്ങും എം.ബി.എ.യും പാസായിട്ടുണ്ടെന്നുമാണ് പ്രതി പെൺകുട്ടികളോട് പറഞ്ഞിരുന്നത്. ഇരകളിൽ നിന്ന് പണം ലഭിച്ചുകഴിഞ്ഞാൽ അവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.

മാർച്ച് 26ന് മറ്റൊരു വനിതാ ഡോക്ടറും ഫർഹാനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ഡൽഹി ഡി.സി.പി ബെനിറ്റ മേരി കേസ് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തു. 18 ദിവസത്തോളം നടത്തിയ അന്വേഷണത്തിലാണ് സംഘം പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man dupes over 100 girls on pretext of marriage, arrested by Delhi Cyber Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.