കാർ ഡ്രൈവറെ യുവാവ് സ്കൂട്ടറിൽ റോഡിലൂടെ വലിച്ചിഴക്കുന്ന വിഡിയോ ദൃശ്യത്തിൽനിന്നുള്ള ചിത്രം
ബംഗളൂരു: കാറിൽ സ്കൂട്ടറിടിച്ചത് ചോദ്യംചെയ്ത ഡ്രൈവറെ യുവാവ് റോഡിലൂടെ ഒരു കി.മീറ്ററോളം വലിച്ചിഴച്ചു. ഒടുവിൽ മറ്റു വാഹനങ്ങളിലെ യാത്രക്കാർ യുവാവിനെ തടഞ്ഞുവെച്ച് കൈകാര്യംചെയ്ത ശേഷം പൊലീസിന് കൈമാറി. വെസ്റ്റ് ബംഗളൂരുവിൽ മാഗഡി ടോൾ ഗേറ്റിനു സമീപം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
യുവാവ് ഡ്രൈവറെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വിഡിയോ പിന്നാലെയുണ്ടായിരുന്ന വാഹനയാത്രികൻ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് മണിക്കൂറുകൾക്കകം നിരവധി പേർ ഷെയർ ചെയ്തു. നായന്ദനഹള്ളി സ്വദേശിയും മെഡിക്കൽ റപ്രസന്റേറ്റിവുമായ സാഹിൽ (25) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്.യു.വി ഡ്രൈവറായ മുത്തണ്ണ (71)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.യു.വിയിൽ സ്കൂട്ടർ വന്നിടിച്ചത് മുത്തണ്ണ ചോദ്യം ചെയ്തതോടെ യുവാവ് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ മുത്തണ്ണ സ്കൂട്ടറിനു പിന്നിലെ ഹാൻഡിലിൽ പിടിത്തമിട്ടു. എന്നാൽ, മുത്തണ്ണയെയും വലിച്ചിഴച്ച് യുവാവ് ഹൊസഹള്ളി മെട്രോ സ്റ്റേഷൻ ഭാഗത്തേക്ക് സ്കൂട്ടർ ഓടിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാർ പ്രതിയെ പിന്തുടർന്ന് പിടികൂടി കൈകാര്യം ചെയ്തു. പ്രതിക്കെതിരെ ഗോവിന്ദരാജ നഗർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.