തൃശൂർ: ഒഡിഷയിൽ മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്കെതിരെ ക്രൂര ആക്രമണം. നാല് എൻജിനീയറിങ് വിദ്യാർഥികൾ അടക്കമുള്ള സംഘം കവർച്ചക്കും ഇരയായി. കാട്ടിലൂടെ ആറ് കിലോമീറ്റർ നടന്ന് സാഹസികമായാണ് ആക്രമികളിൽനിന്ന് രക്ഷപ്പെട്ടതെന്ന് വിദ്യാർഥികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ എം.ടെക് വിദ്യാർഥികളായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനന്ദ് കിരൺ, മുക്കം സ്വദേശി ഇബ്നു മിശ്അൽ, മലപ്പുറം വളാഞ്ചേരി സ്വദേശി അമീൻ ഷിബിൽ, കണ്ണൂർ സ്വദേശി വിശ്രുത് സാരഥി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുമ്പുവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് ആക്രമിക്കുകയും ഫോണുകൾ അടക്കം തട്ടിയെടുക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ആറോളം പേരെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ എട്ടിന് കണ്ഡമാൽ ജില്ലയിലെ പുൽബാണി എന്ന സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. പഠന ഭാഗമായി ഒഡിഷ സർക്കാറിന്റെ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുകയായിരുന്നു നാലുപേരും. കമ്പനിയിലെ ജീവനക്കാരായ മൂന്നു പേരുമൊത്ത് പുൽബാണിയിലെ വെള്ളച്ചാട്ടം കണ്ട് മടങ്ങവേയാണ് 10-15 പേർ അടങ്ങുന്ന സംഘം ആക്രമിച്ചത്.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം മദ്യക്കുപ്പി, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവർ യാത്രചെയ്ത ബൈക്കുകളുടെ താക്കോലും ആക്രമിസംഘം കവർന്നു. അടിയേറ്റ് ഒരു വിദ്യാർഥിയുടെ തലക്ക് പൊട്ടലുണ്ടായി. കൈക്കും പരിക്കുണ്ട്. ആക്രമികളെ പേടിച്ച് കാട്ടിലൂടെ ആറ് കിലോമീറ്ററോളം നടന്ന് പുറത്തെത്തിയ ശേഷം കൺട്രോൾ റൂമിൽ ബന്ധപ്പെടുകയായിരുന്നു. ഉടൻ രണ്ട് വാഹനങ്ങളിലായെത്തിയ പൊലീസ്, ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ഭക്ഷണം അടക്കം സൗകര്യങ്ങൾ ഒരുക്കിനൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം കവർന്ന ഫോണുകളിലൊന്ന് ആക്രമികൾ സ്വിച്ച് ഓൺ ചെയ്തു. വിദ്യാർഥികൾ ഇതുസംബന്ധിച്ച് വിവരം ലഭിച്ച് അറിയിച്ചതനുസരിച്ച് ഒഡിഷ പൊലീസ് ആറോളം ആക്രമികളെ പിടികൂടി. ഇവരിൽനിന്ന് നാല് ഫോണുകൾ കണ്ടെടുത്തു. ഇവ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഏതാനും പേരെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.