തോക്ക് ചൂണ്ടി രക്ഷപ്പെട്ട മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; പ്രതികൾ ഉത്തർപ്രദേശ് സ്വദേശികളായ ആറംഗ സംഘം

തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ആറംഗ മോഷണസംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി മോനിഷാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

മൂന്ന് മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടതായും കണ്ടെത്തി. മോനിഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കുവേണ്ടിയും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസമാണ് ആറ്റുകാലിന് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണാഭരണവും പണവും മോഷ്ടിച്ച സംഘം ഇടപ്പഴഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചത്.

മോഷണം തടഞ്ഞ സമീപവാസിയെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട രണ്ടംഗ സംഘം പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്ത് തടഞ്ഞ പൊലീസുകാർക്ക് നേരെയും തോക്കുചൂണ്ടി രക്ഷപ്പെട്ടു. പിന്നീട് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പി.എം.ജിക്ക് സമീപത്ത് നിന്നും കണ്ടെടുക്കുകയായിരുന്നു. കോവളത്തുനിന്ന് വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നതെന്ന് വ്യക്തമായി.

വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിഞ്ഞത്. മോനിഷിനൊപ്പമുണ്ടായിരുന്നവരും അവർ താമസിച്ചിരുന്ന സ്ഥലത്ത് വന്നുപോയിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരന്തരം ഇവർ ഉത്തർപ്രദേശിലേക്ക് പോയി വന്നതായും സംശയിക്കുന്നുണ്ട്. മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്ന തോക്ക് യഥാർഥമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Tags:    
News Summary - main suspect who escaped with a gun was identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.