കൊച്ചി: നടി ആക്രമണക്കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചില്ല. അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ 22വരെ സമയം നീട്ടി നൽകി. അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച സമയം ജൂലൈ 15ന് അവസാനിക്കുന്നതിനോടനുബന്ധിച്ച് മൂന്നാഴ്ചകൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ജനുവരിയിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി മൂന്നു തവണ നൽകിയ ഹരജികൾ അനുവദിച്ചിരുന്നു. ജൂലൈ 15ന് തുടരന്വേഷണം പൂർത്തിയാക്കാനാണ് ഒടുവിൽ നിർദേശിച്ചത്. ഇതിനിടെ ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ പരാമർശവും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോർട്ടും വന്നതോടെ ഈ വസ്തുതകൾ അന്വേഷിക്കാൻ മൂന്നാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അന്വേഷണസംഘവും കോടതിയെ സമീപിക്കുകയായിരുന്നു.
തിങ്കളാഴ്ച ഹരജി പരിഗണിക്കവെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. എന്നാൽ, അന്തിമ റിപ്പോർട്ട് തയാറായിട്ടുണ്ടെന്നും ഇതിന്റെ പകർപ്പെടുക്കാനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തിങ്കളാഴ്ചവരെ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. ഒട്ടേറെ പേജുകളുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. തുടർന്നാണ് ഈ നടപടികൾക്കുവേണ്ടി വെള്ളിയാഴ്ചവരെ സമയം നീട്ടി നൽകിയത്. 1500ഓളം പേജുകളുള്ളതാണ് കുറ്റപത്രം.
അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരുന്നപ്പോഴുള്ള മെമ്മറി കാർഡിന്റെ തനിപ്പകർപ്പ് വിചാരണക്കുവേണ്ടി ലാബിൽനിന്ന് കോടതിയിലെത്തിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഇത് മുദ്രവെച്ച കവറിൽ വിചാരണക്കോടതിയിൽ ഹാജരാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് തുടരന്വേഷണത്തിൽ പ്രസക്തിയില്ലെന്നും വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരിക്കെയാണ് മെമ്മറി കാർഡ് കോടതിയിലെത്തിയതെന്നത് ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നതിൽനിന്ന് ബെഞ്ച് പിൻമാറണമെന്ന് ഇരയായ നടിയുടെ അഭിഭാഷക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടരന്വേഷണം പൂർത്തിയാക്കാൻ സമയം തേടിയുള്ള ഹരജി പരിഗണിക്കുന്നതിൽനിന്ന് ഇതിന്‍റെ പേരിൽ ഒഴിയേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ ആവശ്യവും നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.