മധു വധക്കേസ്​: സി. രാജേന്ദ്രൻ രാജിവെച്ചു; രാജേഷ് എം. മേനോൻ പുതിയ സ്​പെഷൽ​ പ്രോസിക്യൂട്ടർ

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ആരോപണവിധേയനായ സ്​പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി. രാജേന്ദ്രൻ രാജിവെച്ചു. രാജിക്കത്ത്​ സ്വീകരിച്ച സർക്കാർ അസി. സ്​പെഷൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം. മേനോനെ സ്​പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ഇത്​ രണ്ടാം തവണയാണ്​ ഈ കേസിൽ സ്​പെഷൽ പ്രോസിക്യൂട്ടർ സ്ഥാനമൊഴിയുന്നത്​. രാജേന്ദ്രനെ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ മധുവിന്‍റെ മാതാവ്​ മല്ലി നൽകിയ ഹരജിയിൽ വിചാരണ നടപടികൾ ഹൈകോടതി സ്​റ്റേ ചെയ്തിരിക്കുകയാണ്​. ഇതിന്​ പിന്നാലെയാണ്​ സ്​പെഷൽ പ്രോസിക്യൂട്ടറുടെ രാജിയും പുതിയ നിയമനവും ഉണ്ടായത്​.

ആദിവാസി യുവാവായ മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് സ്​പെഷൽ കോടതിയിലാണ്​ വിചാരണ നടക്കുന്നത്​. രാജേന്ദ്രന് കേസ് നടത്താൻ പരിചയക്കുറവുണ്ടെന്നും ഇദ്ദേഹത്തെ മാറ്റണമെന്നും അതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്നുമായിരുന്നു മല്ലിയുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച്​ സർക്കാറിന്​ അപേക്ഷ നൽകിയ ശേഷമാണ്​ കോടതിയെ സമീപിച്ചത്​. പ്രാഥമിക തത്ത്വങ്ങൾപോലും പാലിക്കാതെയുള്ള സാക്ഷി വിസ്താരമാണ് രാജേന്ദ്രന്‍റെ നേതൃത്വത്തിൽ നടന്നതെന്നാണ്​ മാതാവി​ന്‍റെ ആരോപണം.

ജൂൺ എട്ടിനും ഒമ്പതിനും വിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണികൃഷ്‌ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറിയിരുന്നു. ഈ സമയം താനും കോടതിയിലുണ്ടായിരുന്നെന്നും സ്​പെഷൽ പ്രോസിക്യൂട്ടറുടെ നടപടികൾ തൃപ്തികരമല്ലെന്ന്​ പൊലീസിന്റെ റിപ്പോർട്ടിലുണ്ടെന്നും മല്ലി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ രാജേന്ദ്രൻ രാജിക്കത്ത്​ നൽകുകയായിരുന്നു. ആദ്യത്തെ സ്​പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. വി.ടി. രഘുനാഥ്​ കോടതിയിൽ തുടർച്ചയായി നിൽക്കേണ്ടി വരുന്നത്​ വിചാരണയെ ബാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടി ആരോഗ്യകാരണങ്ങളാൽ പിൻമാറിയിരുന്നു.

2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട കൊലപാതകത്തിന്​ ഇരയായത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മർദിക്കുന്നത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നിരുന്നു. കേസിലെ 16 പ്രതികളും ജാമ്യത്തിലാണ്. 2018 മേയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മല്ലിയുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ആഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കാൻ ഹൈകോടതി നേരത്തേ നിർദേശിക്കുകയും ചെയ്ത സാഹചര്യത്തിൽ ജൂലൈ ആദ്യം മുതൽ വിചാരണ പുനരാരംഭിക്കാനുള്ള സാധ്യത തെളിഞ്ഞു.

Tags:    
News Summary - Madhu murder case: c. Rajendran resigns; Rajesh M. Menon is the new Special Prosecutor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.