സലീം, സന്ദീപ്, രാജേഷ്
നിലമ്പൂർ: നാടൻ തോക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നുപേർ വനപാലകരുടെ പിടിയിൽ. തോക്കും നിർമാണ സാമഗ്രികളും പിടികൂടി. അകമ്പാടം സ്വദേശി കുന്നൻചിറക്കൽ അബ്ദുസലീം (43), ചുങ്കത്തറ എരുമമുണ്ട സ്വദേശി രാജേഷ് ചോലക്കൽ (36), തൃശൂർ ആലപ്പാട് സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്.
അബ്ദുസലീമിന്റെ അകമ്പാടം കണ്ണംകുണ്ടിലെ വില്ലാ സ്ട്രോളി എന്ന കേന്ദ്രത്തിലാണ് നാടൻ തോക്കുകളുടെ അറ്റകുറ്റപ്പണി നടന്നിരുന്നത്. മൃഗവേട്ട ഉൾപ്പടെ നിരവധി വനം കേസുകളിൽ പ്രതിയായ സലീം ആദ്യമായാണ് പിടിയിലാവുന്നത്. ഒളിവിൽ കഴിഞ്ഞ ശേഷം ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുക്കുകയോ, അല്ലെങ്കിൽ കോടതി നിർദേശ പ്രകാരം ഉപാധികളോടെ വനം വകുപ്പിന് മുന്നിൽ കീഴടങ്ങുകയോ ചെയ്യാറാണ് പതിവ്.
ഈ സംഘം നിരവധി പേർക്ക് ലൈസൻസില്ലാത്ത തോക്കുകൾ അറ്റകുറ്റപ്പണി ചെയ്ത് കൊടുത്തതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ടി. അശ്വിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. എ.സി.എഫ് രവീന്ദ്രനാഥൻ, എടവണ്ണ റെയ്ഞ്ച് ഓഫിസർ ടി. റഹീസ്, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ വി.കെ. മുഹ്സിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എൻ. നിഥിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അനിൽകുമാർ, കെ. ശരത് ബാബു, കെ. മനോജ് കുമാർ, എസ്. ഷാജു, പി.എസ്. അമൃതരാജ്, കെ.ടി. അബീന എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.