പണം നഷ്ടപ്പെട്ടവർക്ക് റിക്കവറി നോട്ടീസ്: വൈത്തിരി കെ.എസ്.എഫ്.ഇയിൽ ലക്ഷങ്ങളുടെ തിരിമറി
വൈത്തിരി: പൊതുമേഖല ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ വൈത്തിരി ശാഖയിൽ 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക തിരിമറി. സ്ഥാപനത്തിന്റെ കലക്ഷൻ ഇനത്തിൽ ജീവനക്കാരൻ ഉപഭോക്താക്കളിൽനിന്ന് ആറുമാസംകൊണ്ട് ശേഖരിച്ച ഭീമമായ സംഖ്യയാണ് ഓഫിസിൽ അടക്കാതെ വെട്ടിച്ചത്. ആയിരം മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട അമ്പതിലധികം ഉപഭോക്താക്കളുണ്ട്. കെ.എസ്.എഫ്.ഇയുടെ ഔദ്യോഗിക കലക്ഷൻ കാർഡിൽ സംഖ്യ വരവുവെച്ചാണ് പണം ശേഖരിച്ചിരുന്നത്. എന്നാൽ, പലർക്കും കൈകൊണ്ടെഴുതിയ വ്യാജ രസീത് നൽകുകയായിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് കോഴിക്കോട് റീജനൽ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തുകയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിൽ പുതുതായി നിയമനം ലഭിച്ച തളിപ്പുഴ സ്വദേശിയായ ജീവനക്കാരനാണ് തുക വെട്ടിച്ചത്. ഉപഭോക്താക്കളിൽനിന്ന് ശേഖരിച്ചതിന്റെ ഒരു വിഹിതം മാത്രം ഓഫിസിൽ അടച്ചാണ് ഫണ്ട് തിരിമറി ചെയ്തത്. സ്ഥാപന മേധാവികൾ ഇടപെട്ടതിനെ തുടർന്ന് ഇയാൾ 30 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാൽ, പല ഉപഭോക്താക്കളുടെയും അടവ് തെറ്റിച്ചു ബാധ്യതയായ തുക ഇതുവരെ നൽകിയിട്ടില്ല. ഈ തുക വെട്ടിപ്പ് നടത്തിയ ജീവനക്കാരനിൽനിന്ന് ഉപഭോക്താക്കൾ നേരിട്ട് വാങ്ങിനൽകണമെന്ന നിലപാടിലാണ് കെ.എസ്.എഫ്.ഇ അധികൃതർ. തട്ടിപ്പിനിരയായ ഉപഭോക്താക്കൾക്ക് റിക്കവറി നോട്ടീസ് അയച്ചു ഭീഷണിപ്പെടുത്തുന്ന നിലപാട് കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നീണ്ട കാലയളവിൽ ഇത്രയും ഭീമമായ സംഖ്യ തിരിമറി നടത്തിയിട്ടും ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നതും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള നിലപാട് അധികൃതർ സ്വീകരിക്കുന്നത് ഉപഭോക്താക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ജീവനക്കാരനെ നിയമിച്ചതു മുതൽ നാലു മാനേജർമാർ ഈ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നു. നിലവിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ മറ്റു ബ്രാഞ്ചുകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവർ അറിയാതെ ഇത്രയും വലിയ വെട്ടിപ്പ് നടക്കില്ലെന്ന് വഞ്ചനക്കിരയായ ഉപഭോക്താക്കൾ ആരോപിക്കുന്നു. കെ.എസ്.എഫ്.ഇക്കും ജീവനക്കാരനുമെതിരെ കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾ. കുറി വിഹിതം അടക്കാത്തതിനോ നറുക്കെടുപ്പു കാര്യം അറിയിക്കുന്നതിനോ കെ.എസ്.എഫ്.ഇയിൽനിന്ന് മെസേജുകളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, തട്ടിപ്പ് പുറത്തറിഞ്ഞതിനു ശേഷമാണു ജീവനക്കാരനുമായ ഇടപാട് നടത്തരുതെന്ന് കാണിച്ചുള്ള നോട്ടീസ് ഉപഭോക്താക്കൾക്ക് അയക്കുന്നത്. അതിനുശേഷം കുറി തീയതി അറിയിച്ചുള്ള ഫോൺ മെസേജ് അയക്കാൻ തുടങ്ങിയിട്ടുണ്ട്.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെ.എസ്.എഫ്.ഇ തൃശൂർ ഹെഡ് ഓഫിസ് അധികൃതർ റീജനൽ ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. റീജനൽ ഓഫിസർ വൈത്തിരി ബ്രാഞ്ചിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പഠിച്ചുവരുകയാണെന്ന് കെ.എസ്.എഫ്.ഇ മേധാവി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.