പൊലീസ് പിടിയിലായ അജയ്

കൂടെ താമസിച്ചവരുടെ ഫോണും ലാപ്പും കൈക്കലാക്കി കോടികളുടെ ഓൺലൈൻ തട്ടിപ്പ്; 13 സംസ്ഥാനങ്ങളിൽ പൊലീസ് വലവിരിച്ച കുറ്റവാളി പിടിയിലായത് ആലുവയിൽ

കൊച്ചി: രാജ്യവ്യാപകമായി ഓൺലൈൻ തട്ടിപ്പു നടത്തിയ ബംഗളൂരു സ്വദേശി കെ. അജയ് എന്ന കുരപതി അജയ് കഴിഞ്ഞ ദിവസമാണ് ആലുവയിൽ പിടിയിലായത്. 13 സംസ്ഥാനങ്ങളിൽ പൊലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തിവരുന്നതിനിടെ, ബംഗാൾ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിപ്പടിയിലെ ലോഡ്ജിൽനിന്ന് പിടിയിലായത്. സൈബർ കുറ്റകൃത്യങ്ങളിൽ പ്രതിചേർത്ത് വിവിധ സംസ്ഥാനങ്ങളിലായി 14 എഫ്.ഐ.ആറുകളാണ് ഇയാൾക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്. വിവിധയിടങ്ങളിൽ താമസിച്ചുവരുന്നതിനിടെ ആധാർ കാർഡിൽ ഉൾപ്പെടെ വ്യാജ വിവരങ്ങൾ നൽകി ഐഡന്‍റിറ്റി മറച്ചുവെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

എത്തിക്കൽ ഹാക്കിങ്ങിൽ പരിശീലനം നേടിയിട്ടുള്ള അജയ്, പിടിക്കപ്പെടാതിരിക്കാൻ നിരന്തരം പേര് മാറ്റുകയും വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കുകയും ചെയ്തു. മെട്രോ നഗരങ്ങളിലെ ഹോട്ടൽ മുറികളിലും ഡോർമിറ്ററികളിലും താമസിച്ചു. ആളുകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, കാർഡ്, പണം എന്നിവയെടുത്ത് അടുത്ത നഗരത്തിലേക്ക് കടക്കും. വീണ്ടും ഇത് ആവർത്തിക്കും. ഇയാളുടെ പ്രവർത്തനം നിരീക്ഷിക്കാനായി മാത്രം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിന് രൂപംനൽകി. കുടുംബത്തിൽനിന്ന് അകന്നുനിന്നാണ് അജയ് എപ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്.

ചില സമയങ്ങളിൽ മോഷ്ടിച്ച മൊബൈൽ ഫോണും ലാപ്ടോപും ഉടമകൾക്ക് അജയ് കുറിയറിൽ അയച്ചുനൽകി. ഓരോ മോഷണത്തിനു ശേഷവും സിം കാർഡും ആധാറും മാറ്റും. മോഷ്ടിച്ച ഫോണുകൾ പണമിടപാടിനുള്ള ഒ.ടി.പി ജനറേറ്റ് ചെയ്യാൻ വേണ്ടിയാണ് ഉപയോഗിച്ചത്. തെറ്റായ പേര് വിവരങ്ങൾ നൽകി ഹോട്ടൽ റൂമുകളും ഫ്ളൈറ്റുകളും ഓൺലൈനിലൂടെ ബുക്ക് ചെയ്യും. തങ്ങുന്ന സ്ഥലങ്ങളിൽ നിന്നും ലാപ്ടോപ്, മൊബൈൽ ഫോണുകൾ, കാർഡുകൾ എന്നിവ അപഹരിച്ച ശേഷം അവ ഉപയോഗിച്ചാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയത്. വ്യത്യസ്ത സിം കാർഡ്, മെയിൽ ഐ.ഡി എന്നിവ ഉപയോഗിച്ചിരുന്നതിനാൽ പൊലീസിന് വേഗത്തിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സംശയകരമായ യാതൊന്നും അവശേഷിപ്പിക്കാതിരിക്കാൻ ഓരോ തവണയും ശ്രദ്ധിച്ചായിരുന്നു പ്രതിയുടെ നീക്കം.

ജൂലൈ 29ന് ബംഗാളിലെ ബിധാനഗർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ആലുവയിൽ പിടിയിലായത്. പരാതിക്കാരനായ വിനയ് കുമാർ പ്രതിക്കൊപ്പം ഒരു ഗസ്റ്റ് ഹൗസിൽ താമസിക്കുകയും അവിടെവച്ച് ഫോണും ലാപ്ടോപ്പും പഴ്സുമുൾപ്പെടെ കൈക്കലാക്കി അജയ് മുങ്ങുകയുമായിരുന്നു. പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രതി അഞ്ച് ലക്ഷം രൂപയുടെ സ്വർണം വാങ്ങി. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമെടുത്ത് ഫോൺ വാങ്ങി. ആകെ 50 ലക്ഷം രൂപയുടെ തട്ടിപ്പാണ് വിനയ് യുടെ പേരിൽ പ്രതി ചെയ്തത്. അജയ് കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ച ബംഗാൾ പൊലീസ് ഞായറാഴ്ച ഇക്കാര്യം കേരള പൊലീസിനെ അറിയിക്കുകയും പിന്നാലെ അറസ്റ്റ് നടക്കുകയുമായിരുന്നു. 15 ഐഫോണുകൾ, 38 സിം കാർഡുകൾ, നിരവധി ആധാർ കാർഡുകൾ എന്നിവയും ഇയാളിൽനിന്ന് പിടിച്ചെടുത്തു.

കെ. അജയ് എന്ന പേരിൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ആധാർ കാർഡുകളാണ് ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ഒരു ആധാർ കാർഡിൽ രാജസ്ഥാൻ ലാഡപൂർ രാജീവ് ഗാന്ധി നഗർ എന്നും മറ്റൊന്നിൽ ബംഗളൂരു ചീമസാന്ദ്ര എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാർ‌ഡുകളിലെല്ലാം പിതാവിന്റെ സ്ഥാനത്ത് കെ. രവീന്ദ്ര എന്നുണ്ട്. പേര് ഉൾപ്പെടെ വിലാസങ്ങളെല്ലാം വ്യാജമാകാനാണ് സാധ്യത. പ്രതിയെ വിട്ടുകിട്ടാനായി ബംഗാൾ പൊലീസ് വിമാനമാർഗം കൊച്ചിയിലെത്തി. ആലുവ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൊൽക്കത്തക്ക് കൊണ്ടുപോയി.

ബംഗാളിൽ അഞ്ച് കേസുകളിലായി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷമാണ് പ്രതി കേരളത്തിലേക്ക് മുങ്ങിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലത മുഖേനയാണ് റൂറൽ ജില്ലാ സൈബർ പൊലീസിനും ആലുവ ലോക്കൽ പൊലീസിനും വിവരം ലഭിക്കുന്നത്. തോട്ടുമുഖത്തെ ഒരു തേപ്പ് കടയിൽ പ്രതി ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതായും വിവരം ലഭിച്ചു. തേപ്പുകട കണ്ടെത്തിയെങ്കിലും അന്വേഷണത്തിൽ പ്രതി സ്വന്തം വസ്ത്രങ്ങൾ ഇസ്തിരിയിടാനാണ് എത്തിയതെന്ന് ബോധ്യമായി. പിന്നീട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ലോഡ്ജുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആലുവ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ജില്ലയിലോ സംസ്ഥാനത്തോ ഇയാൾ തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ ബംഗാളിന് പുറമെ രാജസ്ഥാൻ, കർണാടക, സിക്കിം, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 

Tags:    
News Summary - Kurapati Ajay arrest: Wanted in 13 states, ‘master of reinvention’ conman held by Bengal police in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.