കവർച്ച നടന്ന കുന്നംകുളത്തെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കുന്നംകുളം: കുന്നംകുളത്ത് പട്ടാപകൽ കവർച്ച നടന്ന വീടിനുള്ളിൽ കടലാസുകളും പ്ലാസ്റ്റിക് സാധനങ്ങളും മോഷ്ടാവ് കത്തിച്ചതായി കണ്ടെത്തി.അടുക്കളയിലെ സിങ്കിലാണ് കടലാസും പ്ലാസ്റ്റിക്കുമുൾപ്പെടെയുള്ള സാധനങ്ങൾ കത്തിച്ചത്. ശാസ്ത്രിജി നഗറിൽ പ്രശാന്തി വീട്ടിൽ റിട്ട. പ്രഫ. രാജന്റെ വീട്ടിലാണ് 90 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടത്.
വീട് തുറന്ന് അകത്ത് കടന്നപ്പോൾ സാധനങ്ങൾ കത്തിച്ചതിന്റെ രൂക്ഷ ഗന്ധമായിരുന്നു ഉയർന്നത്. മോഷ്ടാവിന്റേതാണെന്ന് കരുതുന്ന പാന്റ്സും ഗ്ലൗസും മുറിയിൽനിന്ന് കണ്ടെത്തി. രണ്ട് മണിക്കൂറുകളോളം മോഷ്ടാവ് വീട്ടിൽ തങ്ങിയിരുന്നതായാണ് കരുതുന്നത്. ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്.പ്രഫഷനൽ മോഷ്ടാക്കൾ ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നുണ്ട്. വീടിന് മുകളിൽ ഓപൺ ടെറസിലേക്കുള്ള വാതിലിന്റെ ബലക്ഷയം മോഷ്ടാവിന് അകത്ത് കടക്കാൻ എളുപ്പമായി.
മുറികളുടെ താക്കോലുകൾ അവിടെ ഉണ്ടായിരുന്നതിനാൽ വാതിലുകൾ തകർക്കേണ്ടി വന്നിട്ടില്ല. ഡോഗ് സ്ക്വാഡിലെ നായ് മണം പിടിച്ച് തൃശൂർ റോഡ് വരെയോടി. പട്ടാപകൽ കവർച്ച നടന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം രേഖകളാണ് മോഷ്ടാവ് കത്തിച്ചതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.
രാവിലെ വീട് പൂട്ടി പോകുന്നത് നേരിട്ട് കണ്ടവരോ അല്ലെങ്കിൽ ഇവർ തനിച്ച് താമസിക്കുന്ന വീടാണെന്ന് നേരത്തേ നിരീക്ഷിച്ചവരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സമീപത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രാത്രിയിലും പരിശോധന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.