കോഴിക്കോട്: മർദിച്ചവശനാക്കി യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ഏഴംഗ സംഘം റിമാൻഡിൽ. കൊണ്ടോട്ടി സ്വദേശി നിഷാദിനെ മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിന് മുന്നിൽനിന്ന് തട്ടിക്കൊണ്ടുപോയ പുതുപ്പാടി മൈലള്ളാംപാറ സ്വദേശികളായ പി.കെ. ഹുസൈൻ (36), യു.കെ. മുഹമ്മദ് ഇർഫാൻ (25), കെ. ജുനൈദ് (21), യു.പി. ദിൽഷാദ് (26), യു.എച്ച്. സിറാജ് (32), പി.കെ. ഹൈദരലി (33), മണ്ണാർക്കാട് പെരുമ്പട്ടാരി വഴിപറമ്പനിൽ യു.പി. ജഷീർ (46) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച അർധരാത്രിയോടെ യുവാവിനെ ബിയർ കുപ്പികൊണ്ട് അടിച്ച് അവശനാക്കി മുണ്ടുകൊണ്ട് കൈകാലുകൾ ബന്ധിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത് ദൃക്സാക്ഷിയായ ഒരാളാണ് പൊലീസിൽ അറിയിച്ചത്. പിന്നീട് സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിൽ രാത്രിയോടെ താമരശ്ശേരി കണ്ണപ്പൻകുണ്ടിലെ മലയിൽനിന്നാണ് യുവാവിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെയും എസ്.ഐ എസ്.ബി. കൈലാസ് നാഥിന്റെയും നേതൃത്വത്തിലുള്ള നടക്കാവ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ കാർ നിഷാദ് പണയത്തിന് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടും നടത്തി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.