ജയ്പ്പൂർ: സിനിമാ കഥകളെ വെല്ലുന്ന തരത്തിൽ രാജസ്ഥാനിലെ ജയിൽ മുറികളിൽ വിടർന്ന പ്രണയം വിവാഹത്തിലേക്ക്. രാജ്യത്തെ കുറ്റകൃത്യ ചരിത്രത്തിൽതന്നെ ഇടം പിടിച്ച ക്രൂര കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേരാണ് വിവാഹിതരാവുന്നത്. ഇവരുടെ വിവാഹത്തിനായി 15 ദിവസത്തെ പരോൾ കോടതി അനുവദിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയിൽ പ്രണയത്തിലെ സ്ത്രീ കഥാപാത്രം 31 കാരിയായ പ്രിയ സേത്ത് ആണ്. 2023 ൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ജയ്പൂർ ടിൻഡർ-സ്യൂട്ട്കേസ് കൊലപാതകത്തിലെ മുഖ്യ പ്രതിയാണിവർ. മറുവശത്ത് 29 കാരനായ ഹനുമാൻ പ്രസാദാണ്.
ആൽവാർ കുട്ടക്കൊല എന്നറിയപ്പെട്ട കുപ്രസിദ്ധ സംഭവത്തിൽ ഒരാളെയും അയാളുടെ മൂന്ന് ആൺ മക്കളെയും ഒരു മരുമകനെയും കൊന്ന കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. രാജസ്ഥാനിലെ സംഗനേറിലെ തുറന്ന ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, ജില്ല പരോൾ ഉപദേശക സമിതി രണ്ട് കുറ്റവാളികളുടെയും പരോൾ അപേക്ഷകൾ അംഗീകരിക്കുകയായിരുന്നു.
വരന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡാമിയോയിലാണ് സേത്തിന്റെയും പ്രസാദിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഡേറ്റിങ് ആപ്പായ ടിൻഡറിൽ സൗഹൃദത്തിലായ 28 വയസ്സുള്ള വ്യവസായി ദുഷ്യന്ത് ശർമയെ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രിയ സേത്ത് ആസൂത്രിതമായി തടവിലാക്കുകയും പിന്നീട് കൊലപ്പടുത്തുകയുമായിരുന്നു. സേത്തും അവളുടെ രണ്ട് കൂട്ടാളികളും ചേർന്ന് ശർമ്മയെ ഒരു വാടക താമസസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് ശർമ്മയെ ബന്ദിയാക്കി കുടുംബത്തിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ശർമ്മയുടെ കുടുംബത്തിന് മുഴുവൻ മോചനദ്രവ്യവും ക്രമീകരിക്കാൻ കഴിഞ്ഞില്ല, പക്ഷേ 3 ലക്ഷം രൂപ നൽകി. ശർമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപ പിൻവലിച്ച സേത്ത്, തലയിണ മുഖത്തമർത്തി, പിന്നീട് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ശർമ്മയുടെ മൃതദേഹം പിന്നീട് കഷണങ്ങളാക്കി ഒരു സ്യൂട്ട്കേസിൽ നിറച്ച നിലയിലാണ് കണ്ടെത്തിയത്.
തന്നേക്കാൾ പത്തു വയസ്സ് കൂടുതലുള്ള കാമുകിയുടെ ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് ശിക്ഷിക്കപ്പെടുന്നത്. പ്രസാദ് കൂട്ടാളികളുമായി എത്തി ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. ഒമ്പതു വയസ്സുള്ള കുട്ടി ദൃക് സാക്ഷിയായി ഉണ്ടായ കേസിന്റെ വിസ്താരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.