ആത്മഹത്യ നിരക്കിൽ കേരളം മൂന്നാമത്; ദാരിദ്ര്യം മൂലമുണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണത്തിലും വൻ വർധനവ്

തിരുവനന്തപുരം: ആത്മഹത്യ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) 2023ലെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 30.6 ആണ് കേരളത്തിലെ ആത്മഹത്യ നിരക്ക്. ഒരു ലക്ഷത്തിൽ എത്രപേർ എന്ന നിലയിലാണ് ആത്മഹത്യ നിരക്ക് കണക്ക് കൂട്ടുന്നത്.

2023 മുതൽ കേരളത്തിൽ ആത്മഹത്യ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നു. 2021, 2022 എന്നീ വർഷങ്ങളിൽ യഥാക്രമം 26.9, 28.5 എന്നിവയായിരുന്നു കേരളത്തിലെ ആത്മഹത്യ നിരക്ക്. 2023ൽ കേരളത്തിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണത്തിലും വൻ വർധനവ് ഉള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 13 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 16 പേർ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തു. ദേശീയതലത്തിൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ ആകെ എണ്ണം 1059 ആണ്.

2023ൽ സംസ്ഥാനത്ത് മൊത്തം ആത്മഹത്യകളിൽ എട്ട് ശതമാനം വർധനവ് രേഖപ്പെടുത്തി. 2022ൽ 10,162 ആയിരുന്നത് 2023ൽ 10972 ആയി. ആത്മഹത്യാ നിരക്കിൽ സംസ്ഥാനം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം സ്ഥാനത്താണ്. ആൻഡമാൻ (49.6) ആണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് സിക്കിം (40.2).

കൂട്ട ആത്മഹത്യകൾ, കുടുംബ ആത്മഹത്യകൾ എന്നിവയുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. 17 ആത്മഹത്യകളാണ് ഈ വിഭാഗത്തിൽ കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടാണ് മുന്നിൽ നിൽക്കുന്നത്. 58 ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകളിൽ ഏറ്റവും ഉയർന്ന കണക്ക് 2023ൽ ആണ്. 2013 ലും 2014 ലും ആത്മഹത്യകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന് മുമ്പ് 2017ലെ കണക്കിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

2023ൽ 1,059 കേരളീയരുടെ ആത്മഹത്യകൾക്ക് കാരണം മയക്കുമരുന്ന് ദുരുപയോഗമോ മദ്യാസക്തിയോ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വിഭാഗത്തിൽ രാജ്യത്തെ മൊത്തം മരണങ്ങളിൽ ഏകദേശം 9ശതമാനം (12,019 എണ്ണം) ആണ്. ലഹരിയുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിൽ 2013ൽ നിന്ന് മൂന്നിരട്ടിയായി വർധിച്ചു. 2013ൽ 400 ആയിരുന്നത് 2023ൽ 1059 ആയി.

ആരോഗ്യപ്രശ്നങ്ങളെ തുടർന്നു രാജ്യത്തു ജീവനൊടുക്കുന്നവർ 19ശതമാനം ആണെങ്കിൽ കേരളത്തിൽ ഇത് 21.9ശതമാനം എന്നതാണു നില. കേരളത്തിൽ 2405 പേരാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നു ആത്മഹത്യ ചെയ്യുന്നവർ രാജ്യത്ത് 31.9ശതമാനം ആണ്. കേരളത്തിലെ നില 43.1ശതമാനം. കേരളത്തിൽ 4724 പേരാണു ജീവനൊടുക്കിയത്.

തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ കേരളമാണു രാജ്യത്ത് ഒന്നാമത്. 2191 പേർ. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 2070 പേർ. കോവിഡ്19ന് ശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വ്യാപനത്തിൽ ഗണ്യമായ വർധനവാണ് റിപ്പോർട്ട് കാണിക്കുന്നത്. 

Tags:    
News Summary - kerala ranked three in suicide rate NCRB 2023 Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.