മംഗളൂരുവിൽ മദ്റസ വിദ്യാർഥിയെ ആക്രമിച്ചതായി പരാതി; ഇരയായത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ബന്ധു

ബംഗളൂരു: മംഗളൂരു കൃഷ്ണപുരയിൽ മദ്റസ വിദ്യാർഥിയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. മദ്റസ വിട്ടുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവം. വീടിന്റെ 300 മീറ്റർ അകലെ വിദ്യാർഥിയെ മുഖംമൂടിയണിഞ്ഞ് ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നെന്നും നിസ്സാര പരിക്കേറ്റതായും പരാതിയിൽ പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാവ് മുനീർ കാട്ടിപ്പള്ളയുടെ ബന്ധുകൂടിയാണ് ആക്രമണത്തിനിരയായ വിദ്യാർഥി. വിദ്യാർഥിക്കുനേരെ ആക്രമണമുണ്ടാവാനുള്ള സാഹചര്യമെന്താണെന്ന് വ്യക്തമായിട്ടില്ല. ആക്രമികൾ ഒന്നും സംസാരിച്ചിരുന്നില്ലെന്നും മകൻ അലറിക്കരഞ്ഞതോടെ അവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ സൂറത്കൽ പൊലീസിൽ പരാതി നൽകി.

അതേസമയം, ജാമ്യമില്ലാവകുപ്പ് ഉൾപ്പെടുന്ന കേസായതിനാൽ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് കോടതിയുടെ അനുമതി തേടി.

കോടതി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ശക്തമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയാക്കുമെന്നും മുനീർ കാട്ടിപ്പള്ള പറഞ്ഞു. 

Tags:    
News Summary - Karnataka: boy beaten up while returning from Madrasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.