പ്രജീഷ്
കൽപറ്റ: ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ‘ഓപറേഷൻ കാവല്‍’ പദ്ധതിയുടെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മാനന്തവാടി, പനമരം, പുല്പള്ളി സ്റ്റേഷനുകളില്‍ മോഷണം, ഭവനഭേദനം, പൊതുമുതല്‍ നശിപ്പിക്കല്‍, കട കുത്തിപ്പൊളിച്ച് മോഷണം തുടങ്ങി 15ഓളം കേസുകളില്‍ പ്രതിയായ പേരിയ, മേലെ വരയാല്‍ സ്വദേശി കുറുമുട്ടത്ത് വീട്ടില്‍ പ്രജീഷി(47) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറാണ് ഉത്തരവ് ഇറക്കിയത്. പ്രജീഷിനെ അഞ്ച് മോഷണ കേസുകളില്‍ കോടതി ശിക്ഷിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങി നിരന്തരം മോഷണം നടത്തുകയാണ് രീതി. മാനന്തവാടി പയ്യമ്പള്ളിയിലുള്ള കണ്ടത്തില്‍ സ്റ്റോര്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് ആറു മാസത്തോളം ജയില്‍ കിടന്നിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പനമരം അഞ്ചുകുന്നിലുള്ള സെറ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ പൊളിച്ച് അകത്തുകയറി പണവും സാധനങ്ങളും കവർന്നിരുന്നു. 2022ൽ ജില്ലയില്‍ ഒമ്പത് പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ വകുപ്പ് പ്രകാരവും രണ്ട് പേര്‍ക്കെതിരെ നാടുകടത്തല്‍ വകുപ്പ് പ്രകാരവും നടപടി സ്വീകരിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.