പൊതുപ്രവര്‍ത്തകനെതിരെ കാപ്പ: നാല് പൊലീസുകാര്‍ക്കെതിരെ കേസ്​

തിരുവനന്തപുരം: പൊതുപ്രവർത്തകനെതിരെ അന്യായമായി കാപ്പ ചുമത്തിയതിന്​ സി.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. പൊതുപ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ ടി.എസ്. ആശിഷിന്‍റെ പരാതിയിലാണ് തിരുവനന്തപുരം ഫോർട്ട്​ സി.ഐ രാകേഷ്​, എസ്.ഐമാരായ എസ്. സന്തോഷ് കുമാർ, ദിനേശ് ഡി.ഒ, അരുൺകുമാർ എന്നിവർക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിയെടുത്തത്.

പൊതുപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഫോര്‍ട്ട്‌ സി.ഐക്കെതിരെ ആശിഷ് ഡി.ജി.പിക്ക്​ അടക്കം പരാതികള്‍ നല്‍കിയിരുന്നു. ഇതിലുള്ള വിരോധം നിമിത്തം ഇയാള്‍ക്കെതിരെ ഫോർട്ട് പൊലീസ് കാപ്പ ചുമത്തുകയായിരുന്നു. കാപ്പ നിയമപ്രകാരം ഗുണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ട ആളല്ല താനെന്നും ഫോര്‍ട്ട്‌ സി.ഐ വ്യക്തി വൈരാഗ്യം കാണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആശിഷ് അപ്പീല്‍ ഫയല്‍ ചെയ്തു.

വാദം കേള്‍ക്കലിനുശേഷം പൊലീസുകാര്‍ക്കെതിരെ ആശിഷ് മുന്നോട്ടുവെച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ അധ്യക്ഷനായ കാപ്പ അഡ്വസൈറി ബോര്‍ഡ്‌ കണ്ടെത്തി. കാപ്പ നിയമപ്രകാരം പൊലീസ് കള്ളപ്പരാതി രജിസ്റ്റര്‍ ചെയ്തതതുമൂലം തനിക്ക് സമൂഹത്തില്‍ മാനഹാനി ഉണ്ടായെന്ന് കാണിച്ച് തിരുവനന്തപുരം മുനിസിഫ്‌ കോടതിയില്‍ ആശിഷ് ഫോര്‍ട്ട്‌ സര്‍ക്കിള്‍ ഇൻസ്​പെക്ടർ ജെ. രാകേഷിനെതിരെ മാനനഷ്ടത്തിന് കേസും നല്‍കി. പിന്നീട് ഒരു വ്യക്തിയില്‍നിന്ന്​ ആശിഷിനെതിരെ കള്ളപ്പരാതി എഴുതിവാങ്ങിയ പൊലീസ്,​ കഴിഞ്ഞ ആഗസ്റ്റ് 25ന് അശിഷിനെ സ്റ്റേഷനിലേക്ക്​ പിടിച്ചുകൊണ്ടുപോയി. സി.ഐക്കെതിരെ നല്‍കിയ ഹരജികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചതായും കാണിച്ച് ആശിഷ് കോടതിയില്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ്‌ കോടതി ഫോര്‍ട്ട്‌ സി.ഐക്കും മൂന്ന്​ എസ്.ഐ മാര്‍ക്കുമെതിരെ കേസെടുത്ത്​ അന്വേഷണമാരംഭിച്ചത്.

Tags:    
News Summary - Kappa against public servant: Case against four policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.