കൊച്ചി: സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുത്തിയയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. വെണ്ണല ശാന്തിനഗർ റോഡ് കരിപ്പാല വീട്ടിൽ സജുൻ സക്കീറാണ് (28) കുത്തേറ്റ് മരിച്ചത്.
വീടുകയറി ആക്രമിക്കാനെത്തിയ സജുൻ ഉൾപ്പെടെയുള്ളവരുമായി ഉണ്ടായ സംഘർഷത്തിനിടെ കലൂർ ചമ്മണി റോഡ് പുളിക്കൽ വീട്ടിൽ കിരൺ ആൻറണിയാണ് (24) കുത്തിയത്. സംഘം ചേർന്ന് വീട് ആക്രമിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 11 പേർക്കെതിരെയാണ് കേസെടുത്തത്.
ഇവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കലൂർ, വൈറ്റില ഭാഗങ്ങളിൽ താമസിക്കുന്നവരാണ് പ്രതികൾ. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇവർ ഒളിവിലാണ്. കിരൺ, ഇയാളുടെ മാതാപിതാക്കൾ, സഹോദരൻ കെവിൻ, അയൽവാസി ജിനീഷ് എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കും. പ്രതികളെ കണ്ടെത്തി ഇവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കം പൊലീസ് ആലോചിക്കും.
സംഘർഷം കണ്ട് ചെന്ന ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയ്യൂബ്(25) എന്ന യുവാവിനും പരിക്കേറ്റിരുന്നു. തന്നെ ആളുമാറി ആക്രമിച്ചതാണെന്നാണ് ഇയാളുടെ മൊഴി. കിരണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.