കൊല്ലം: പബ്ലിക് മൊബൈൽ ഫോൺ ചാർജിങ് പോയന്റുകൾ വഴിയുള്ള സൈബർ തട്ടിപ്പിൽ വൻ വർധനയെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ കണക്കുകൾ. പ്രത്യേക സംവിധാനം വഴി ഫോണിലെ ഡേറ്റയും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയാണ്, അധികൃതർ ‘ജ്യൂസ് ജാക്കിങ്’ എന്നു വിശേഷിപ്പിക്കുന്ന ഈ സൈബർ തട്ടിപ്പ് നടത്തുന്നത്.
റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റെസ്റ്ററന്‍റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ചാർജിങ് പോയന്‍റുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്.
രാജ്യത്ത് ബിഹാറിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ഇവിടെ മൂന്നുലക്ഷത്തോളം പേർ തട്ടിപ്പിന് വിധേയമായി. ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2023 മുതൽ രാജ്യത്താകമാനം ദശലക്ഷക്കണക്കിന് പേരാണ് ജ്യൂസ് ജാക്കിങ് തട്ടിപ്പിൽ കുടുങ്ങിയത്.
സാധാരണ ചാർജിങ്\ഡേറ്റ ട്രാൻസ്ഫർ കേബിൾ പോലെ തോന്നിക്കുന്നതും എന്നാൽ ഡിവൈസുകളിൽനിന്ന് ഡേറ്റ മോഷ്ടിക്കാനും റിമോട്ട് കൺട്രോൾ പോലെ ഉപയോഗിക്കാനും കഴിയുന്ന ‘മാൽവെയർ കേബിൾ’ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സൈബർ കുറ്റവാളികൾ പൊതു ചാർജിങ് പോയന്‍റുകളിൽ മാൽവെയർ കേബിൾ കുത്തിവെക്കും.
ചാർജ് ചെയ്യാനായി കണക്ട് ചെയ്യുന്ന ഡിവൈസുകളിലെ ഡേറ്റ മോഷ്ടിക്കാനും ട്രാക്ക് ചെയ്യാനും ഇതുവഴി തട്ടിപ്പുകാർക്ക് കഴിയുന്നു. ഫോണിലുള്ള ഫോട്ടോകൾ, ബാങ്കിങ് വിവരങ്ങൾ, കോൺടാക്റ്റ് ലിസ്റ്റ്, മറ്റ് ഡേറ്റ എന്നിവ തട്ടിപ്പുകാർ ശേഖരിക്കും.
ഡേറ്റ മോഷണത്തിന്‍റെ അപകടസാധ്യതയെക്കുറിച്ച് ആളുകൾ ബോധവാന്മാരല്ല എന്നത് തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഇ-മെയിൽ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്തും കബളിപ്പിക്കൽ നടത്തുന്നുണ്ട്. പൊതു ചാർജിങ് പോയന്റുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പും പൊലീസും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ പൊതു ചാർജിങ് ഇടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ യാത്രികർക്കും ഇതു സംബന്ധിച്ച് ജാഗ്രത നിർദേശം നൽകും. ട്രെയിനുകളിലും നിരവധി ജ്യൂസ് ജാക്കിങ് തട്ടിപ്പ് നടന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.