ഹൈദരാബാദ്: ഗാർഹിക പീഡന പരാതി നൽകിയ മുൻഭാര്യയെ കാനഡയിൽ ഐ.ടി ജീവനക്കാരനായ യുവാവ് കുത്തിക്കൊന്നു. 29കാരിയായ ഐ.ടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. 2022ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ശേഷം കാനഡയിലേക്ക് പോയ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ ഇന്ത്യയിലേക്ക് മടങ്ങി വന്ന യുവതി ഗാർഹിക പീഡന പരാതി നൽകുകയായിരുന്നു.
തുടർന്ന് 2024ൽ ഇവർ വിവാഹമോചനം നേടി. പിന്നീട് യുവതി മറ്റൊരു വിവാഹം കഴിച്ചു. ഇവർ മൂന്ന് മാസം ഗർഭിണി ആയിരുന്നെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക.
2025ൽ മാതാവിന്‍റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ മുൻഭർത്താവിന് കേസ് കാരണം തിരികെ പോകാൻ കഴിഞ്ഞില്ല. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഹൈദരാബാദിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതി മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം തലയിൽ നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പൊലീസിൽ വിവരമറിയിച്ചതോടെ പ്രതി മുറി മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം കക്കൂസിനകത്ത് കയറി വാതിലടച്ചു. തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാളെ അനുനയിപ്പിച്ചാണ് പൊലീസ് പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.