യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ പ്രതിയുടെ ആറുവയസ്സുകാരിയായ മകളുടെ വിദ്യാഭ്യാസത്തിനായി നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കഠിന തടവ്  അധികമായി അനുഭവിക്കണം.

മറ്റൊരു വകുപ്പിൽ നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. കുട്ടിയെ കാണണമെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നെങ്കിലും അച്ഛനെ കാണാൻ താൽപര്യമില്ലെന്ന് മകൾ കോടതിയെ അറിയിച്ചു. 2013 ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപം താമസിക്കുകയായിരുന്ന കേടകളത്തില്‍ ഷൈനിയെയാണ് (32) പ്രതി കൊലപ്പെടുത്തിയത്. ഭർത്താവുമായി മൂന്ന് വർഷത്തോളമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഷൈനി. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനായി അഭിഭാഷകനെ സമീപിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ പ്രതി വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് കഴുത്തറുത്തും വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

56 മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. തടയാൻ ചെന്ന ഷൈനിയുടെ മാതാവ് കമല (72), അമ്മയുടെ സഹോദരിമാരായ വിമല, തങ്കമണി, എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അത്രിക്രമങ്ങൾക്ക് വളരെ ഗുരുതരമായ ശിക്ഷ ലഭിക്കുമെന്ന സന്ദേശമാണ് സമൂഹത്തിന് വിധിയിലൂടെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി. 

Tags:    
News Summary - husband was sentenced to life imprisonment and fined for killing the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.