പാലക്കാട്: കൽമണ്ഡപത്ത് പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സ്വർണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വർണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേസിൽ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായ വിമൽകുമാർ, ബഷീറുദ്ദീൻ എന്നിവർക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാൾ വളരെ പെട്ടെന്ന് ഒളിവിൽ പോയതിനാലാണ് ഇതുവരെ പിടികൂടാൻ കഴിയാത്തത്. ഇയാൾ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചന നടത്തിയ തൗഫീക്ക് ഉൾപ്പടെയുള്ളവരെയും അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണ് മാർച്ച് 13ന് മോഷണം നടത്തിയത്. അൻസാരിയുടെ വീട്ടിൽനിന്ന് 57 പവനും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.