ഹേമചന്ദ്രൻ കൊലക്കേസ്: തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചുമൂടാനും സഹായിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: വയനാട് സ്വദേശി ഹേമന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വയനാട് നടവയൽ പൂതാടിയിൽ താമസിക്കുന്ന നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖിനെ (35) ആണ് അന്വേഷണ സംഘം സുൽത്താൻ ബത്തേരിയിൽനിന്ന് പിടികൂടിയത്.

നേരത്തേ അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചുമൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ വൈശാഖ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും അസി. പൊലീസ് കമീഷണർ ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ജിജീഷ്, എസ്.ഐ അരുൺ എന്നിവരടങ്ങിയ സംഘവുമാണ് വൈശാഖിനെ അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി നൗഷാദ് സൗദി അറേബ്യയിലാണുള്ളത്. മറ്റു പ്രതികളായ അജീഷ്, ജ്യോതിഷ് കുമാർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

ജ്യോതിഷിനെ ശാസ്ത്രീയമായി ചോദ്യംചെയ്താണ് വൈശാഖിന്റെ പങ്കിനെക്കുറിച്ച് പൊലീസ് മനസ്സിലാക്കിയത്. ഹേമചന്ദ്രനുമായി തനിക്കുള്ള സാമ്പത്തിക ഇടപാടും മറ്റു കാര്യങ്ങളും വൈശാഖുമായി ജ്യോതിഷ് പങ്കുവെക്കുമായിരുന്നു. പിന്നീട് നൗഷാദുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചുനിന്നാൽ അയാളിൽനിന്ന് പണം ഇടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകക്ക് കാർ കൊടുക്കുന്ന ബിസിനസ് ഉണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും കരുതിയാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിക്കുന്നത്.

കാറിൽവെച്ചുതന്നെ ഹേമചന്ദ്രനെ ഇവർ മർദിച്ചിരുന്നു. സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും അജേഷിനും ചേരമ്പാടി ഭാഗത്തുള്ള ഒരു റിസോർട്ടിലായിരുന്നു ഇന്റീരിയർ ജോലി. 2024 മാർച്ച് 22ന് ഉച്ചയോടെ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ചുകൂടി. മൃതദേഹം മറവുചെയ്യാൻ പല സ്ഥലങ്ങളും അന്വേഷിച്ച് അവസാനമാണ് കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടുംകാട് തിരഞ്ഞെടുത്തത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേരും പിടിയിലായി. നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പൊലീസ്.

Tags:    
News Summary - Hemachandran murder case: Man who helped kidnap and bury the body arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.