ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എണ്ണമറ്റ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. പൊലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ച വാർത്തയാണ് ഇതിൽ ഏറ്റവും പുതിയത്. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻഡോസ്കോപി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ് മരണം.
ക്രിസ്റ്റൽ രൂപത്തിലുള്ള മാരക പ്രഹര ശേഷിയുള്ള രാസലഹരിയാണ് എം.ഡി.എം.എ. മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റമിൻ എന്നാണ് മുഴുവൻ പേര്. മയക്കുമരുന്നുകളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത് എം.ഡി.എം.എക്കാണ്. യുവാക്കൾക്ക് ഏറ്റവും പ്രിയവും എം.ഡി.എം.എയോട് തന്നെ. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതോടെ ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥ തകരാറിലാവും. ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനം നിലക്കും. ഒരു തരി അകത്തെത്തിയാൽ പോലും ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണിത്. അപ്പോൾ എം.ഡി.എം.എയുടെ പായ്ക്കറ്റ് വിഴുങ്ങി അമിത ഡോസ് ഉള്ളിലെത്തിയാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. മയക്കുമരുന്നിലെ കാളകൂടമാണിത്!
പലരൂപത്തിലും എം.ഡി.എം.എ വിപണിയിൽ ലഭ്യമാണ്. രൂപത്തിലുള്ള വ്യത്യാസമനുസരിച്ച് അതിലടങ്ങിയിട്ടുള്ള ഘടകങ്ങളിലും വ്യത്യാസമുണ്ടാകും. 30 മിനിറ്റ് മുതൽ 60മിനിറ്റിനുള്ളിൽ എം.ഡി.എം.എ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങും. പിന്നീട് നാലര മണിക്കൂർ വരെ ശരീരം നിയന്ത്രിക്കുക എം.ഡി.എം.എ ആയിരിക്കും. ഇത് ശരീരത്തിലെത്തിയാൽ മസ്തിഷ്‍കത്തിലെ സെറാടോണിനെ നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും കീഴടക്കുന്നു. നിരന്തരമായി ഉപയോഗിക്കുന്നവരിൽ മൂന്നുവർഷത്തിനുള്ളിൽ വലിയൊരു ശതമാനം ആളുകൾ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മുലം മരണപ്പെടുന്നു. അല്ലാത്തവർ ആത്മഹത്യ ചെയ്യുന്നു. ഉപയോഗം നിർത്തിയവരിൽ ഡിപ്രഷനും ബൈപോളാർ ഡിസോർഡറും ശരീരത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിർജലീകരണവും ഉണ്ടാകുന്നു.
ഇത്തരം സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന ഒരാളെ തുടക്കത്തിൽ അയാളുടെ വീട്ടുകാർക്ക് പോലും മനസിലാക്കാൻ പറ്റില്ല. അറിഞ്ഞു വരുമ്പോഴേക്കും അയാൾ പൂർണമായും അതിന്റെ അടിമയായി മാറിയിട്ടുണ്ടാകും.
കൂട്ടുകെട്ടിലൂടെയാണ് പലരും ലഹരിക്ക് അടിമയാവുക. ആദ്യത്തെ ഉപയോഗത്തിന് കാശ് കൊടുക്കേണ്ടി വരില്ല. ഏജൻറിന്റെ വക ഫ്രീയായി സാധനം കിട്ടും. ഒരു തവണ ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നീടങ്ങോട്ട് ഇത് കിട്ടാനുള്ള വെപ്രാളമായിരിക്കും. അതിനു വേണ്ടി എത്ര കാശ് മുടക്കാനും തയാറാകും. സിന്തറ്റിക് ലഹരി സ്ഥിരമായി ഉപയോഗിച്ച് കഴിഞ്ഞാൽ അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമാകും.
പുകവലിയും മദ്യപാനവും ആണെങ്കിൽ ഏറെ കാലം കഴിഞ്ഞിട്ടാണ് അതിന്റെ ദൂഷ്യഫലം ശരീരം കാണിക്കുക. എം.ഡി.എം.എയുടെ കാര്യത്തിൽ അങ്ങനെയല്ല. പെട്ടെന്ന് തന്നെ ശരീരം പ്രതികരിക്കും. എം.ഡി.എം.എയുടെ ഉപയോഗം നിർത്തിയാൽ പോലും രോഗലക്ഷണങ്ങൾ കൂടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.