കൊല്ലപ്പെട്ട ഹരിദാസ്

ഹരിദാസ് വധം: ഒരാൾക്ക് ജാമ്യം, 10 പ്രതികളുടെ അപേക്ഷ തള്ളി

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന 11 പ്രതികളിൽ ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു. മറ്റുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. ഗോപാലപേട്ട സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണിക്കാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുല ഉപാധികളോടെ ജാമ്യം നൽകിയത്.

ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളായ കെ.വി. വിമിൻ, അമൽ മനോഹരൻ, സി.കെ. അശ്വന്ത്, സി.കെ. അർജുൻ, ദീപക് സദാനന്ദൻ, കെ. അഭിമന്യു, പി.കെ. ശരത്ത്, ആത്മജ് അശോകൻ, പി.കെ. ദിനേഷ്, മൾട്ടി പ്രജി എന്നിവർക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ച ഒന്നരയോടെയാണ്, മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ ഹരിദാസനെ വീട്ടുമുറ്റത്തുവെച്ച് ആർ.എസ്.എസ് -ബി.ജെ.പി സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹരിദാസന്റെ ഇടതുകാൽ അക്രമികൾ വെട്ടിമാറ്റിയിരുന്നു. ജാമ്യം ലഭിച്ച മൂന്നാം പ്രതി സുനേഷാണ് ഹരിദാസന്റെ യാത്രാവിവരങ്ങൾ കൊലയാളി സംഘത്തിന് കൈമാറിയതെന്നാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ജാമ്യഹരജിയിൽ പ്രതികൾക്കായി അഡ്വ. പി. പ്രേമരാജനും പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറുമാണ് ഹാജരായത്.

Tags:    
News Summary - Haridas murder: Bail granted to one person, application of 10 accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.