വസ്ത്രത്തിൽ സ്ഫോടകവസ്തു ഘടിപ്പിച്ച് ഭാര്യയെ പുണർന്നു; ദമ്പതികൾ തൽക്ഷണം കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ജെലാറ്റിൻ സ്റ്റിക്കുകൾ വസ്ത്രത്തിനുള്ളിൽ ഘടിപ്പിച്ച് ലാല പാഗി എന്ന 45 കാരൻ ഭാര്യയെ ആലിംഗനം ചെയ്തു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.

ഒന്നര മാസമായി ലാല പാഗിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ ശാരദ. ഒരുമിച്ച് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യയെ അവസാനമായി കാണണമെന്നാവശ്യപ്പെട്ട് പാഗി മേഘരാജ് നഗരത്തിലെ ഭാര്യ വീട്ടിലെത്തിയത്. വീടിനകത്ത് നിന്ന് പുറത്തിറങ്ങി വന്ന ഭാര്യയെ പാഗി ധൃതിയിൽ കെട്ടിപ്പിടിക്കുകയും നെഞ്ചിൽ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. ശാരദ തൽക്ഷണം മരിച്ചു. നിമിഷങ്ങൾക്കകം പാഗിക്കും ജീവൻ നഷ്ടപ്പെട്ടു.

പാഗിയിൽ നിന്നും വീട്ടുകാരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെയാണ് ശാരദ സ്വന്തം വീട്ടിൽ അഭയം പ്രാപിച്ചതെന്ന് ശാരദയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുന്നുണ്ട്.

ജെലാറ്റിൻ സ്റ്റിക്കുകൾ പോലെയുള്ള സ്ഫോടക വസ്തുക്കൾ എങ്ങനെയാണ് പാഗിക്ക് ലഭിച്ചതെന്നും അതിന്‍റെ ഉപയോഗം എവിടെ നിന്നാണ് പഠിച്ചതെന്നുമുളള വിവരങ്ങൾ പൊലീസ് ഉടൻ കണ്ടെത്തുമെന്ന് ഗാന്ധിനഗർ റേഞ്ച് ഐ.ജി.പി അഭയ് ചുദാസമ പറഞ്ഞു. ആദിവാസി മേഖലകളിൽ മീൻ പിടുത്തത്തിന് ഇത്തരം സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കും 21 വയസുള്ള മകനുണ്ട്.

Tags:    
News Summary - Gujarat gelatin man gives wife a hug of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.