കൽപറ്റ: അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. യുപി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫിനെ (38) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട് വെള്ളമുണ്ടയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽനിന്ന് കണ്ടെത്തി.
തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വെച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്.
സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയിൽ തോടിന്‍റെ കരയിലും മറ്റൊന്ന് റോഡരികിലുമാണ് ഉണ്ടായിരുന്നത്. തൊണ്ടർനാട്, മാനന്തവാടി സ്റ്റേഷനിൽനിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.