50 ഗ്രാം ‘അരി’ വേണമെങ്കിൽ ഈ കടയിൽ 1500 രൂപ കൊടുക്കണം. ഈ വിൽപന പക്ഷേ, ‘തെരഞ്ഞെടുത്ത’ ഉപഭോക്താക്കൾക്കുമാത്രമാണ്. അവർ കടയിലെത്തി അരി ആവശ്യപ്പെട്ടാൽ കിട്ടുന്നത് അരിക്കുപകരം കഞ്ചാവാണെന്ന് മാത്രം. മുംബൈ ബൊറിവ്‍ലിയിലെ ഗൊരായ് പ്രദേശത്തെ ഒരു പലചരക്കു കടയിലാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കോഡ് ഭാഷയിൽ കഞ്ചാവ് വിൽപന തകൃതിയായി അരങ്ങേറിയത്.
ഒടുവിൽ പക്ഷേ, കള്ളി പുറത്തായി. പലചരക്കു കടയിൽ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ ലഭിച്ചത് 750 ഗ്രാം കഞ്ചാവ്. കടയിലുണ്ടായിരുന്ന 21കാരനെ പൊലീസ് കൈയോടെ പൊക്കി.
മഹിപാൽ സിങ് റാത്തോഡ് എന്ന ചെറുപ്പക്കാരനാണ് അരിക്കു പകരം കഞ്ചാവ് വിറ്റ് അറസ്റ്റിലായത്. ഏഴു ഗ്രാം, 20 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ പായ്ക്കു ചെയ്താണ് കഞ്ചാവ് കടയിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായി റാത്തോഡ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഒരു വിൽപനക്കാരനുമായി ബന്ധം സ്ഥാപിച്ചശേഷം ഒരു കിലോഗ്രാം വീതമാണ് അയാളിൽനിന്ന് വാങ്ങിക്കൊണ്ടിരുന്നത്. ഒരു കിലോ വിറ്റാൽ 12000-13000 രൂപ ലാഭം കിട്ടിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
സംശയം തോന്നാതിരിക്കാനാണ് വിൽപനക്ക് കോഡുഭാഷ ഉപയോഗിച്ചിരുന്നത്. നിശ്ചിത വിലയുടെ ‘അരി’ വേണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുക. ഏഴു ഗ്രാം വേണമെങ്കിൽ 200 രൂപയുടെ അരി എന്ന രീതിയിലായിരുന്നു അത്.
റാത്തോഡിന്റെ പിതാവിന്റെ കടയാണിത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ യുവാവ് വിദൂരപഠനത്തെയാണ് ആശ്രയിക്കുന്നത്. ഒപ്പം പിതാവിന്റെ കടയും നോക്കി നടത്തുന്നു. ഭാരതീയ ന്യായ് സംഹിത അനുസരിച്ചും എൻ.ഡി.പി.എസ് ആക്ട് അനുസരിച്ചും റാത്തോഡിനെതിരെ കേസെടുത്തതായി ഡി.സി.പി ആനന്ദ് ഭോയ്തെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.