വാഷിങ്ടൺ: ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 27 കാരനായ ഗൂഗ്ൾ എൻജിനീയർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഇവർ താമസിച്ചിരുന്നു വീട്ടിന്റെ കിടപ്പുമുറിയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സാന്താ ക്ലാര കൗണ്ടിയിലെ ജില്ലാ അറ്റോർണിയാണ് ലിറൻ ചെന്നിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കോടതി രേഖകൾ പ്രകാരം കൊല്ലപ്പെട്ട യുവതിയുടെ പേര് ഷുവാനി യു എന്നാണ്. ഗൂഗ്ളിലെ ടെക് ജീവനക്കാരായിരുന്നു ഇരുവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് സ്വദേശികളായ രണ്ടുപേരും ജോലിയുടെ ഭാഗമായാണ് ഗൂഗ്ളിൽ എത്തിയത്.
ചെന്നിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാൽ ജയിൽ ശിക്ഷ അനുഭവിക്കുമെന്നും അറ്റോർണി ഓഫിസ് അറിയിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. ചൊവ്വാഴ്ച ചെനിന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ചെനിന്റെ പ്രതികരണമൊന്നും ലഭിച്ചില്ല. അകത്തു കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ചെനിനെയും കണ്ടെത്തി. ഇയാളുടെ വസ്ത്രങ്ങളിലും കൈകാലുകളിലും രക്തം പുരണ്ടിരുന്നു.
2020 മാർച്ച് മുതൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായി ഗൂഗിളിലുണ്ട് ചെൻ. 2021 ലാണ് ഷുവാനി സോഫ്റ്റ്‌വെയർ എൻജിനീയറായി ഗൂഗിളിൽ എത്തിയത്. അതിനു മുമ്പ് അവർ ആമസോണിലായിരുന്നു. ഇരുവരും ബെയ്ജിങ് യൂനിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.