കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം കണ്ടെത്തി.
അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന ഹാളില്‍ ചവറ്റുകുട്ടയില്‍നിന്ന് ശുചീകരണ തൊഴിലാളിയാണ് മിശ്രിത രൂപത്തിലായിരുന്ന സ്വര്‍ണം കണ്ടെത്തിയത്. ഉടന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമിശ്രിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
1.7 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണുണ്ടായിരുന്നതെന്നും ഇതില്‍നിന്ന് ഒന്നര കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തെന്നും കസ്റ്റംസ് അറിയിച്ചു.
ഇതിന് ഒന്നര കോടി രൂപ വിലമതിക്കും. കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം പിടിക്കപ്പെടുമെന്നായപ്പോള്‍ കൊണ്ടുവന്നയാള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. വിമാനത്താവളത്തിലെ ഏതെങ്കിലും ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനുള്ള ശ്രമമായിരുന്നോ എന്നും സംശയമുണ്ട്. സ്വര്‍ണം കൊണ്ടുവന്നതാരെന്നറിയാന്‍ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.