ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നത് വിലക്കിയതിന് സഹോദരനെ കൊല്ലാൻ ശ്രമിച്ചു; യുവതി പൊലീസ് പിടിയിൽ

കാൺപൂർ: ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നത് വിലക്കിയതിന് സഹോദരനെ കൊല്ലാൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അസ്തബൽ തരായി സ്വദേശിനിയായ ആരതിയാണ് അറസ്റ്റിലാതെന്ന് പൊലീസ് അറിയിച്ചു. യുവതി റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നെന്നും സഹോദരൻ ഇത് വിലക്കിയതോടെ സഹോദരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ആരതിയുടെ സഹോദരനായ ആകാശ് രാജ്പുത്തിന്‍റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ആരതിയുടെ റീൽസ് കണ്ട് ആകാശിന്‍റെ സുഹൃത്തുക്കൾ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഞായറാഴ്ച ആകാശ് ആരതിയോട് റീൽസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക് തർക്കത്തിലേർപ്പെടുകയായിരുന്നു. പ്രകോപിതയായ ആരതി ആകാശിനെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ആകാശിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു സഹോദരനായ അജയ് കിഷനും മർദ്ദനമേറ്റുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെതുടർന്ന് ആകാശും അജയ് കിഷനും മനു ദർവാസ പൊലീസ് സ്റ്റേഷനലിലെത്തി സഹോദരിക്കെതിരെ പരാതി നൽകുകയായിരുന്നു. യുവതി ഇൻസ്റ്റഗ്രാമിന് അടിമയായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ഇവർ അസ്വാഭാവികമായാണ് പെരുമാറുന്നതെന്നും സഹോദരങ്ങൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഞാറാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ്ചെയ്യുന്നതിനിടെ യുവതി വനിതാപൊലീസ് ഓഫീസർമാരെ അക്രമിക്കുകയും എസ്.ഐയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. യുവതിയെ കോടതി തിങ്കളാഴ്ച റിമാൻഡ് ചെയ്തു. വധശ്രമം, കൃത്യനിർവഹണത്തിന് തടസം നിൽക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആരതിക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Girl tries to kill brother for stopping her to make Instagram reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.