പത്തനംതിട്ട: ജില്ലയിൽ കഞ്ചാവ് വ്യാപകം. ബ്രൗൺ ഷുഗറും എം.ഡി.എം.എ അടക്കമുള്ള രാസലഹരിയും ധാരാളം.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവിൽപന സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് നിത്യേന ധാരാളം വാർത്തകൾ വരുന്നുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാൻ നാർകോർട്ടിക് സെൽ അധികൃതരോ എക്സൈസോ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
1996ൽ എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടപ്പാക്കിയ ചാരായ നിരോധനം മദ്യലഹരി വ്യാപനത്തിന് തടയിടുമെന്ന് കരുതിയവർ പിന്നീട് കണ്ടത് വ്യാജമദ്യ നിർമാണത്തിന്റെ ഈറ്റില്ലമായി കേരളം മാറുന്നതാണ്.
ചാരായം വാറ്റ് കുടിൽ വ്യവസായമായി പിന്നീട് വളർന്നു. കൂടാതെ വിദേശമദ്യം ഗ്രാമാന്തരങ്ങളിലേക്ക് പോലും ഒഴുകി.
മലയാളിയുടെ മദ്യാസക്തിയെ വളർത്താൻ ചാരായ നിരോധനം കാരണമായെങ്കിൽ ഒന്നര പതിറ്റാണ്ടിനുശേഷം ഉമ്മൻ ചാണ്ടി സർക്കാർ ബാറുകളുടെ എണ്ണം വെട്ടിക്കുറച്ചപ്പോൾ കള്ളിന് പകരം കഞ്ചാവ് ആ സ്ഥാനം കൈയടക്കി.
പിണറായി നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ ഇരട്ടിവീര്യത്തോടെ ബാറുകൾ മുക്കിന് മുക്കിന് സ്ഥാപിച്ചെങ്കിലും കേരള യുവത്വം അപ്പോഴേക്കും കള്ളിന് വിട പറഞ്ഞ് കഞ്ചാവിനെ പുൽകി.
എം.ഡി.എം.എ എന്ന സിന്തറ്റിക് ലഹരിയുടെ കടന്നുവരവോടെ കഞ്ചാവിനെ വെല്ലുന്ന ലഹരിക്ക് ജില്ലയും അടിമയായി. ലഹരി പിടിത്തം ദിവസേന പൊലീസ് റിപ്പോർട്ട് ചെയ്യാറുണ്ട്.
നിരോധിത പുകയില ലഹരി മുതൽ രാസലഹരിവരെ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് രണ്ടു മാസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട് ചെയ്തത്. പല കേസുകളിലും അന്തർസംസ്ഥാന തൊഴിലാളികൾ പ്രതികളാണ്.
അഞ്ചേമുക്കാൽ കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി രണ്ട് മാസം മുമ്പ് പിടിയിലായി എന്ന വാർത്ത ഒരു തുടക്കമായിരുന്നില്ല. കോന്നി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് മധ്യപ്രദേശ് ടിൻഡ് ജില്ലയിലെ അവ്ലിന്ത് (24) ആയിരുന്നു വില്ലൻ.
കഞ്ചാവ് അടങ്ങിയ രണ്ട് ബാഗ് തോളിലേറ്റി പട്ടാപ്പകൽ നടന്നുവരുമ്പോഴായിരുന്നു അറസ്റ്റ്. കഞ്ചാവുമായി ഒരാഴ്ച കഴിയും മുമ്പ് അസം സ്വദേശിയെ തിരുവല്ല പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കലുണ്ടായിരുന്ന കവറിൽനിന്ന് 300.74 ഗ്രാം ലഹരിയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.