നടൻ ബാബുരാജിനെതിരായ വഞ്ചനക്കേസ്: അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് എസ്.പിക്ക് പരാതി

അടിമാലി: നടന്‍ ബാബുരാജിനെതിരെ അടിമാലി പൊലീസ് എടുത്ത വഞ്ചനക്കേസിന്‍റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി. ഹോട്ടൽ വ്യവസായി നേര്യമംഗലം കവളങ്ങാട് വിരിപ്പില്‍ അരുണ്‍കുമാറാണ് എസ്.പിക്ക് പരാതി നൽകിയത്.

കോടതി നിർദേശപ്രകാരം നവംബർ 17ന് അടിമാലി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പിക്ക് പരാതി നൽകിയത്. ആനവിരട്ടി കമ്പിലൈനില്‍ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ടതാണ് ഇടപാട്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കുന്നതിനായി കരാര്‍ ഉണ്ടാക്കുകയും 40 ലക്ഷം രൂപ കരുതൽധനമായി ബാബുരാജ് വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പ്രതിമാസം മൂന്ന് ലക്ഷം രൂപയാണ് പാട്ടമായി നിശ്ചയിച്ചത്. എന്നാല്‍, അരുൺകുമാർ ലൈസന്‍സ് ഉള്‍പ്പെടെ രേഖകൾ ശരിയാക്കാൻ ശ്രമിച്ചപ്പോഴാണ് പട്ടയം സാധുവല്ലെന്നും റിസോര്‍ട്ടും ഭൂമിയും നിയമവിരുദ്ധമാണെന്നും അറിയുന്നത്. 2020 ഫെബ്രുവരി 26നാണ് പണം നല്‍കി കരാര്‍ ഉണ്ടാക്കിയത്. എന്നാൽ, 2018ലും 2020ലുമായി രണ്ടുതവണ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അരുണ്‍കുമാര്‍ പറയുന്നു.

റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ക്കും റസ്റ്റാറന്‍റിനും ജിംനേഷ്യത്തിനും നീന്തല്‍ക്കുളത്തിനും പള്ളിവാസല്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുമുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ കരാര്‍ റദ്ദാക്കണമെന്നും ഡെപ്പോസിറ്റ് തുകയായ 40 ലക്ഷം രൂപ തിരികെ നൽകണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ പ്രതികരിച്ചില്ല.

തുടര്‍ന്നാണ് അടിമാലി കോടതിയില്‍ പരാതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാകാന്‍ നോട്ടീസ് നൽകുകയും ചെയ്തെങ്കിലും ബാബുരാജ് എത്തിയില്ലെന്ന് അടിമാലി പൊലീസ് പറഞ്ഞു.

എന്നാൽ, തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ബാബുരാജ് പറയുന്നു. 11 മാസത്തെ വാടക ലഭിക്കാതെ വന്നതോടെ അരുൺകുമാറിനെതിരെ താൻ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അരുൺകുമാറിന്‍റെ പരാതിയെന്നാണ് ബാബുരാജിന്‍റെ വിശദീകരണം.

അറസ്റ്റ് ഹൈകോടതി വിലക്കി

കൊച്ചി: മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിയ കേസിൽ നടൻ ബാബുരാജിന്‍റെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി വിലക്കി. മുൻകൂർ ജാമ്യം തേടി ബാബുരാജ് നൽകിയ ഹരജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഹരജി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

40 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങിയ ബാബുരാജ് ആനവിരട്ടിയിലെ തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺകുമാറിനാണ് പാട്ടത്തിനു നൽകിയത്. കരുതൽധനമായി പ്രതിമാസം 2.60 ലക്ഷം വാടകയും 5000 രൂപ മെയിന്റനൻസ് ചാർജും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്.

കൈയേറ്റ ഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാകാതെ വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ട് നൽകിയില്ലെന്നുമാണ് അരുൺകുമാറിന്റെ പരാതി. എന്നാൽ, കോവിഡ് സാഹചര്യത്തിൽ റിസോർട്ട് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ വാടകയിനത്തിൽ കുടിശ്ശിക വരുത്തിയെന്നും ഇതു ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നൽകിയതെന്നുമാണ് ബാബുരാജിന്‍റെ വാദം.

തൊടുപുഴ സബ് കോടതിയിൽ ബാബുരാജ് നൽകിയ അന്യായത്തിൽ അരുൺകുമാർ റിസോർട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞിട്ടുമുണ്ട്. സിവിൽ കേസ് നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി അറസ്റ്റ് വിലക്കിയത്. സിവിൽ തർക്കമായതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും കേസ് റദ്ദാക്കണമെന്നുമുള്ള ബാബുരാജിന്‍റെ ഹരജിയും നിലവിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.