ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 17 വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ 'ആൾദൈവം' ചൈതന്യാനന്ദയ്‌ക്കെതിരെ (ഡൽഹി ബാബ) വീണ്ടും ഗുരുതരമായ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിൽ ഡയറക്ടറായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥികളെ എങ്ങനെയാണ് വാഗ്ദാനങ്ങൾ നൽകി വശീകരിക്കുന്നതെന്ന് തുറന്ന് പറയുകയാണ് മുൻ വിദ്യാർഥിനി.
സൗജന്യ വിദേശയാത്രകൾ നൽകിയും ഐഫോണും ലാപ്ടോപ്പും കാറുകളും മറ്റും നൽകിയാണ് ഇയാൾ വിദ്യാർഥികളെ വശീകരിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിനി വെളിപ്പെടുത്തുന്നു.
'പുതുതായി വിദ്യാർഥികൾ കോളജിൽ വരുമ്പോൾ തന്നെ അവരുടെ സെലക്ഷൻ പ്രക്രിയ ആരംഭിക്കും. ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഉയർന്ന സ്കോർ, വിദേശ ഇന്റേൺഷിപ്പുകൾ, മികച്ച പ്ലേസ്‌മെന്റുകൾ എന്നിവയുൾപ്പെടെ മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്ത് അവരെ സമീപിക്കുകയും വശീകരിക്കുകയും ചെയ്യും. ഓഫർ സ്വീകരിക്കുന്നവർക്ക് കാര്യങ്ങൾ സുഗമമായിരിക്കും. പക്ഷേ, നിരസിക്കുന്നവരെ ക്രൂരമായി വേട്ടയാടാനും തുടങ്ങും'-വിദ്യാർഥി പറയുന്നു.
അവർക്ക് വഴങ്ങാത്തവരെ 24 മണിക്കൂറും നിരീക്ഷിക്കാൻ ആളുണ്ടാകുമെന്നും കാരണങ്ങൾ ഉണ്ടാക്കി ഉപദ്രവിക്കുകയും കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും വിദ്യാര്‍ഥി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.
ലക്ഷ്യമിടുന്ന വിദ്യാർഥിനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ, മുമ്പ് സ്വാമി പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന ചൈതന്യാനന്ദ സരസ്വതി തന്നെയായിരിക്കും ഈ പ്രക്രിയ നേരിട്ട് നടത്തുകയെന്ന് വിദ്യാർഥിനി പറയുന്നത്.
'സ്വാമി വിദ്യാർഥികളുമായി നേരിട്ട് സംസാരിക്കാറുണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്തമായി ക്ലാസുകൾ നടത്തിയിരുന്നു. ഈ സമയത്താണ് അദ്ദേഹം വനിത വിദ്യാർഥികളെ തെരഞ്ഞെടുത്തിരുന്നത്. പിന്നീട്, ചില വനിത ജീവനക്കാർ വിദ്യാർഥിനികളെ സമീപിച്ച് പ്രതിയെ ഓഫീസിലോ മുറിയിലോ കാണാൻ ആവശ്യപ്പെടുമായിരുന്നു.'-വിദ്യാർഥിനി പറയുന്നു.
പൂർവ വിദ്യാർഥികളാണ് വനിത ജീവനക്കാരിൽ വലിയൊരു ഭാഗവും. വിദേശ യാത്രകൾക്ക് കൊണ്ടുപോയി വിദേശ ഇന്റേൺഷിപ്പുകൾ നൽകി എന്നും കൂടെ നിർത്തുന്ന ഈ പൂർവ വിദ്യാർഥികളാണ് പുതിയ വിദ്യാർഥികളെ സ്വാമിയോട് അടുപ്പിക്കുന്നത്.
2016-ൽ ചൈതന്യാനന്ദ സരസ്വതി ഉൾപ്പെട്ട ഒരു പീഡനക്കേസിനെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ട ഒരു വിദ്യാർഥിനിയെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അവരുടെ ജൂനിയറാണെന്നും സ്വാമിയും അതേ രീതിയിൽ തന്നെ സമീപിച്ചുവെന്നും മുൻ വിദ്യാർഥിനി പറഞ്ഞു.
'അവളോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടു. പകരമായി, സൗജന്യ വിദേശ യാത്രകൾ, ലാപ്‌ടോപ്പുകളും ഐഫോണും സമ്മാനം, ഡ്രൈവറുൾപ്പെടെ കാറുമായി ആഗ്രഹിക്കുന്നിടത്തേക്കുള്ള യാത്രകൾ, വിദേശത്ത് പ്ലേസ്‌മെന്റിനായി മികച്ച പരിശീലനം, പരിധിയില്ലാത്ത ഷോപ്പിങ് യാത്രകൾ തുടങ്ങിയവയാണ് അയാൾ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ, നിരസിച്ചതോടെ പീഡനം തുടങ്ങി. അയാൾ അവളുടെ ഫോൺ പിടിച്ചുവാങ്ങി. ഹോസ്റ്റലിൽ ഒറ്റപ്പെടുത്തി, മറ്റ് വിദ്യാർഥികളുമായി സംസാരിച്ചതിന് അവളെ ശകാരിച്ചു. അവിടെ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും ചൈതന്യാനന്ദ് സരസ്വതിയുടെ കൂട്ടാളികൾ അവളുടെ വീട്ടിൽ വരെ തിരഞ്ഞെത്തിയെന്നും വിദ്യാർഥി പറയുന്നു.
എല്ലാ വിദ്യാർഥികളുടെയും എല്ലാ ഒറിജിനൽ രേഖകളും സ്വാമി സൂക്ഷിക്കാറുണ്ടായിരുന്നു. ആരെങ്കിലും അദ്ദേഹത്തിനെതിരെ സംസാരിച്ചാലോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രവൃത്തികൾ വെളിപ്പെടുത്തിയാലോ അതുവെച്ച് വിലപേശാനാണ് ഇത് വാങ്ങിവെക്കുന്നത്. തന്റെ രേഖകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുണ്ടെന്നും പുറത്താക്കിയപ്പോൾ അവ തിരികെ നൽകിയില്ലെന്നും വിദ്യാർഥി പറയുന്നു.
സ്വാമിയുടെ കണ്ണുകൾ എപ്പോഴും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. കാമ്പസിലുടനീളം കുറഞ്ഞത് 170 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, ഓരോ ക്ലാസ് മുറിയിലും രണ്ട് വീതം. മുറികൾക്ക് പുറമേ, ഹോസ്റ്റലിൽ എല്ലായിടത്തും കാമറകളും ഉണ്ടായിരുന്നു.
സ്വാമിയെക്കുറിച്ചുള്ള എല്ലാം വ്യാജമാണ്. അദ്ദേഹത്തിന്റെ എം. ഫിൽ ബിരുദവും വ്യാജമാണ്. അതുപോലെ തന്നെ രാഷ്ട്രീയക്കാർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നിരവധി ഫോട്ടോകളും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സ്വന്തമായി പ്രിന്റിങ് പ്രസുണ്ട്. അവിടെ നിന്നാണ് ഫോട്ടോകൾ നിർമിക്കുന്നത്. ചൈതന്യാനന്ദ് സരസ്വതി എല്ലാവരോടും താൻ യു.എൻ അംഗമാണെന്നും ഒരു എംബസിയാണ് തനിക്ക് അത് നൽകിയതെന്നും പറയാറുണ്ടായിരുന്നു. എന്നാൽ, എല്ലാം വ്യാജമാണ്.
കൂടുതൽ വിദ്യാർഥിനികൾ ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ ഡൽഹി വസന്ത്കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിൽ പൊലീസ് സംഘം നടത്തിയ തെരച്ചിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. താഴത്തെ നിലയിലുള്ള തന്റെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേമ്പർ ചൈതന്യാനന്ദ സജ്ജമാക്കിയിരുന്നു. ഇവിടെ വച്ചാണ് വിദ്യാർഥികളെ ഇയാൾ ചൂഷണത്തിനിരയാക്കിയിരുന്നത്. വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കോളജിൽ സൂക്ഷിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ചൈതന്യാനന്ദയും അടുത്ത സഹായികളായ കോളജ് ഡീനും രണ്ട് വനിത ജീവനക്കാരും ചേർന്നാണ് ഈ തീരുമാനമെടുത്തിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനമവസാനിപ്പിച്ച് പോകാൻ പറ്റാത്ത വിധത്തിൽ വിദ്യാർഥികളെ കുരുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.
പുതിയ ആഢംബര കാർ വാങ്ങിയശേഷം ചൈതന്യാനന്ദ നിരവധി വിദ്യാർഥിനികളെ പ്രത്യേക പൂജക്കെന്ന പേരിൽ ഹരിദ്വാറിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് മടക്കയാത്രയിൽ തങ്ങൾ ചൂഷണം ചെയ്യപ്പെട്ടതായി വിദ്യാർഥിനികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്യുന്നത് കോളജ് ഡീനിനും വനിത ജീവനക്കാർക്കും അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾ വിദ്യാർഥികൾക്ക് കെണിയൊരുക്കിയിരുന്നു. കോളജിലെ 50 പെൺകുട്ടികൾ ഇയാളയച്ച സന്ദേശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. വലിയ തുകകൾ മുതൽ വിദേശയാത്രയും തീർഥാടന യാത്രയും വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ വിദ്യാർഥിനികളെ സമീപിച്ചിരുന്നത്. പ്രതികരിക്കാത്തവർക്ക് മാർക്ക് വെട്ടിക്കുറക്കുമെന്നും തോൽപ്പിക്കുമെന്നും ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തലുണ്ട്.
കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരയായത്. കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിതോടെ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളി ജൂലൈ 23ന് ഡൽഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ, ഓഗസ്റ്റ് ഒന്നിന് വിദ്യാർഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഗ്രൂപ്പ് കാപ്റ്റൻ റാങ്കിലുള്ള വ്യോമസേനാംഗവും പരാതി നൽകിയിരുന്നു. തുടർന്ന്, ഓഗസ്റ്റ് നാലിലും അഞ്ചിനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഇയാൾക്കെതിരെ 300 പേജ് വരുന്ന പരാതിയും തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. ഒഡീഷയിലെ പാർഥസാരഥിയിൽ ജനിച്ച ചൈതന്യാനന്ദ കഴിഞ്ഞ 16 വർഷത്തോളമായി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.