representation image

അതിർത്തി കടന്ന് കർണാടകയിലേക്ക് മയക്കുമരുന്ന് ഒഴുക്ക്

കാഞ്ഞങ്ങാട്: കർണാടകയുടെ അതിർത്തി ജില്ലയിലേക്ക് കാഞ്ഞങ്ങാട് വഴി മയക്കുമരുന്ന് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കഞ്ചാവും ഗോവ, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് ലഹരികളും ജില്ലയിലെ അതിർത്തി വഴിയാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ട്.

ഇത്തരത്തിലെത്തുന്ന എം.ഡി.എം.എ മയക്കുമരുന്നുകളും കഞ്ചാവും വീണ്ടും ജില്ലയുടെ അതിർത്തി കടന്ന് കർണാടകയിലെത്തുന്നു. കർണാടകയിലെ കുടക്, സുള്ള്യ, മടിക്കേരി, ബാഗമണ്ഡല, കുശാൽനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മലയാളി ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ചെമ്പേരി വഴി ലഹരികടത്ത്. കുശാൽനഗർ, മടിക്കേരി, മൈസൂരു ടൂറിസ്റ്റ് കേന്ദ്രം ലക്ഷ്യമിട്ടും ലഹരി ഒഴുകുന്നുണ്ട്.

കാസർകോട് ജില്ലയിൽ നിന്നുമുള്ളവരാണ് കർണാടകയിലെ ലഹരി മാഫിയക്ക് പിന്നിലെന്നാണ് വിവരം. കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നുപേരെ ലഹരി കടത്തിനിടെ ബാഗമണ്ഡലയിൽനിന്ന് കർണാടക പൊലീസ് പിടികൂടിയത് കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറു കണക്കിന് ലഹരികേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ജില്ലയിൽ ലഹരി വേട്ട ഊർജിതമാക്കിയതോടെ ലഹരി മാഫിയ ചുവട് മാറ്റിയെന്നാണ് സൂചന.

കർണാടകയും കാസർകോട് ജില്ലയുമായി ബന്ധപ്പെടാൻ 17 റോഡുകളുണ്ട്. ഇടവഴികൾ വേറെയും. തലപ്പാടി ദേശീയപാത, അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യ റോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് എന്നി അഞ്ച് റോഡുകളിലാണ് ചെക് പോസ്റ്റുകളും സ്ഥിരം പൊലീസ് പരിശോധനയുമുള്ളത്.

പൊലീസ് പരിശോധനയില്ലാത്ത മറ്റ് 12 അതിർത്തി റോഡുകൾ വഴി ജില്ലയിലേക്കും തിരിച്ചും ലഹരി കടത്താൻ എളുപ്പമാണ്. കാസർകോട് പൊലീസിനു പുറമെ കർണാടക പൊലീസും അതിർത്തികളിൽ പരിശോധന കർശനമാക്കിയാൽ ഇരുഭാഗത്തേക്കുമുള്ള മയക്കുമരുന്ന് കടത്ത് തടയാൻ ഒരുപരിധി വരെ സാധിക്കും.

എക്‌സൈസ് സ്‌പെഷൽ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി

കാസർകോട്: മയക്കുമരുന്ന് ഉപഭോഗവും കടത്തും വില്‍പനയും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചു. ആദ്യ ദിവസം സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.55 കിലോഗ്രാം കഞ്ചാവുമായി ബി.യു. കരീമിനെ കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും രണ്ട് കിലോഗ്രാം കഞ്ചാവുമായി ഹനീഫ എന്നയാളെ ബദിയഡുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും പിടികൂടി.

ഉപയോഗത്തിനായി കൈവശം വെച്ച 10 ഗ്രാം കഞ്ചാവുമായി മറ്റൊരാളെയും ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്‌സൈസ് ചെക്പോസ്റ്റിലെ വാഹന പരിശോധനക്കിടയില്‍ യാഷോ ദീപ് ശരദ് ദാബഡെ എന്നയാളില്‍നിന്നും 30 ലക്ഷം രൂപയുടെ കുഴല്‍പണം കണ്ടെടുത്തു.

പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം

മയക്കുമരുന്നു കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പിനെ അറിയിക്കാം. കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പര്‍- 155358, കണ്‍ട്രോള്‍ റൂം- 04994 256728, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, കാസര്‍കോട് -04994 255332, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ്, കാസര്‍കോട് -04994257060, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ഹോസ്ദുർഗ്‌ -04672 204125, വെള്ളരിക്കുണ്ട് -04672245100, റേഞ്ച് ഓഫിസ് നീലേശ്വരം -04672283174, ഹോസ്ദുർഗ് -04672204533, കാസര്‍കോട് -04994257541, കുമ്പള -04998213837, ബന്തടുക്ക -04994205364, ബദിയടുക്ക -04998293500. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിക്കും.

Tags:    
News Summary - Flow of drugs across the border into Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.