ചെന്നൈ: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി കൊടുംകുറ്റവാളിയെ അച്ഛനും മകനും അടങ്ങിയ ഗുണ്ടാസംഘം നടുറോട്ടിൽ വെട്ടിക്കൊന്നു. ചെന്നൈ കോയമ്പേട് നേർക്കണ്ട്രത്താണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ പി. രാജ്കുമാർ (29) എന്ന ഗുണ്ടാത്തലവനാണ് കൊല്ലപ്പെട്ടത്.
ജയിലിലായിരുന്ന രാജ്കുമാർ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. നേർക്കണ്ട്രത്ത് വാടകവീട്ടിലായിരുന്നു കുടുംബസമേതം കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടിലേക്ക് വരുന്നവഴിയാണ് മറ്റൊരു ഗുണ്ടാസംഘം ഇയാളെ ആക്രമിച്ചത്.
ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ റോട്ടിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ അച്ഛനും മകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി. കെ. പ്രകാശ് (29), പിതാവ് എസ്. കുമാർ (52), എസ്. രാഹുൽ (19), പി. സുന്ദർ (22), പി. നാഗരാജ് (44) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം തിരുവേർക്കാട് ഷൺമുഖം എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജ്കുമാർ. ഈ കൊലക്ക് പ്രതികാരമായാണ് ഷൺമുഖത്തിന്‍റെ സുഹൃത്തായ പ്രകാശും കൂട്ടാളികളും ചേർന്ന് രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.