ലഖ്നോ: കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ചും യുവാവുമായി പ്രണയബന്ധം തുടർന്ന മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകി പിതാവ്. ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിലുള്ള കാൻകർഖേഡ ഗ്രാമത്തിലാണ് സംഭവം. ഉയർന്ന ഡോസ് പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെച്ച് കൊലപ്പെടുത്താൻ ആശുപത്രി ജീവനക്കാർക്ക് ഒരു ലക്ഷം രൂപയാണ് പിതാവ് നൽകിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ, ആശുപത്രി ജീവനക്കാരായ നരേഷ് കുമാർ, നഴ്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ നവീൻ കാൻകർഖേഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ മകളെ മോദിപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഉടനെ ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തു.
ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അധിക അളവിൽ പൊട്ടാസ്യം ക്ലോറൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. പൊലീസ് പെൺകുട്ടിയെ ആദ്യം കൊണ്ടുപോയ ആശുപത്രിയിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടിക്ക് നരേഷ് കുമാർ കുത്തിവെപ്പ് നൽകിയതായി കണ്ടെത്തി. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്.
പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവ് ഒരു ലക്ഷം നൽകിയെന്ന് നരേഷ് പൊലീസിനോട് വെളിപ്പെടുത്തി. ഡോക്ടർ എന്ന വ്യാജേന തീവ്രപരിചരണ വിഭാഗത്തിൽ കയറിയാണ് നരേഷ്, നഴ്സിന്‍റെ സഹായത്തോടെ പെൺകുട്ടിക്ക് കുത്തിവെപ്പ് നൽകിയത്.
നേരത്തെ, വീടിന്‍റെ ടെറസിൽ നിൽക്കുന്നതിനിടെ കുരങ്ങുകളെ കണ്ട് ഭയന്ന് ഓടുന്നതിനിടെ താഴേക്ക് വീണെന്ന് പറഞ്ഞാണ് പെൺകുട്ടിയെ നവീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പെൺകുട്ടി വീടിന്‍റെ ടെറസിൽനിന്ന് താഴേക്ക് എടുത്തു ചാടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.