കാറിന് ഫാൻസി നമ്പർ പ്ലേറ്റ്: നടൻ ജോജുവിനെതിരെ കേസ്

എറണാകുളം: അതിസുരക്ഷാ നമ്പർ പ്ലേറ്റ് മാറ്റി കാറിന്‍റെ ഫാൻസി നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിന് നടൻ ജോജു ജോർജിനെതിരെ കേസ്. മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. പിഴയടച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാനാണ് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ ഉത്തരവിട്ടത്.

ഫാൻസി നമ്പർ പ്ലേറ്റ് വാ​ഹ​ന​ത്തിന് ഘ​ടി​പ്പി​ച്ച​ത് വഴി നടൻ ജോജു നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകനും കളമശേരി സ്വദേശിയുമായ മനാഫ് പുതുവായിലാണ് പരാതി നൽകിയത്.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ വൈറ്റിലയിൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ ന​ട​ൻ ജോ​ജുവിന്‍റെ ആഡംബര കാറായ ലാൻഡ് റോവർ ഡിഫൻഡറിന്‍റെ പിൻഭാഗത്തെ ഗ്ലാസ് പ്രതിഷേധക്കാർ തകർത്തിരുന്നു. കേടുപാട് സംഭവിച്ച കാർ കുണ്ടന്നൂരിലെ ഷോറൂമിൽ അറ്റകുറ്റപണിക്ക് നൽകിയിരിക്കുകയാണ്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ. ചന്തുവിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷോറൂമിലെത്തി കാർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

ജോജുവിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാർ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും കേരളത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടർനടപടി സ്വീകരിക്കാൻ ചാലക്കുടി ആർ.ടി.ഒക്ക് കൈമാറിയിട്ടുണ്ട്.

News Summary - Fancy number plate for Land Rover Defender car: New case against actor Joju George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.