കോട്ടയം: യുവാവിന്റെ അപകട മരണം കൊലപാതകമാണെന്നും കേസ് തേച്ചുമാച്ചു കളയാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും കുടുംബം. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് മാതാപിതാക്കളും സഹോദരിയും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കടനാട് കുറുമണ്ണ് കരയിൽ ചാമക്കാലായിൽ മണിക്കുട്ടന്റെ മരണത്തിലാണു പരാതി. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മണിക്കുട്ടന്റെ വസ്ത്രങ്ങൾ ആശുപത്രിക്കാർ കത്തിച്ചുകളഞ്ഞതായും അവർ ആരോപിച്ചു. മണിക്കുട്ടനും സുഹൃത്ത് ആനന്ദും ഒരുമിച്ചുപോകുമ്പോൾ ബൈക്ക് മറിഞ്ഞ് അപകടമുണ്ടായി എന്നാണു പറയുന്നത്. എന്നാൽ, രാത്രി വിവരമറിഞ്ഞ് എത്തുമ്പോൾ ആനന്ദ് ഉണ്ടായിരുന്നിടത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മണിക്കുട്ടനും ബൈക്കും കിടന്നിരുന്നത്.
റോഡിലൂടെ വലിച്ചിഴച്ചതു പോലെ മണിക്കുട്ടന്റെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. ഹെൽമറ്റ് തേഞ്ഞു പൊളിഞ്ഞ നിലയിലായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റ പാടുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. എല്ലാ വിവരവും അറിയുന്ന ആനന്ദ് ഒന്നും പറയുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തയാറാവുന്നുമില്ല.
പെൺസുഹൃത്ത് ബൈക്ക് വാങ്ങുന്നതിനായി വലിയമ്മയുടെ രണ്ടര പവൻ മാല മണിക്കുട്ടനു നൽകിയതായി പറയുന്നുണ്ട്. ഈ വിവരം വീട്ടിലറിഞ്ഞതോടെ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതായും പറയുന്നു. പെൺകുട്ടിയുടെ പിതാവ് സ്വാധീനമുള്ളയാൾ ആയതിനാൽ മകനെ അപകടപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്ന് പിതാവ് സി.കെ. സാബുവും വൃക്കരോഗിയായ മാതാവ് ബിന്ദുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.