ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാങ്ക് ജീവനക്കാരൻ ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. വിവാഹമോചനക്കേസിൽ ഭാര്യ ദിവ്യ മിശ്ര ആവശ്യപ്പെട്ട ഒന്നരക്കോടി രൂപയുടെ ജീവനാംശമാണ് ഭർത്താവ് മാനസ് ബാജ്‌പേയിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്നെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബ തർക്കങ്ങൾക്കൊപ്പം ഉയർന്ന സാമ്പത്തിക ബാധ്യതയും മാനസിനെ കടുത്ത മാനസിക സമർദ്ദത്തിലുമായിരുന്നു.
ഓഗസ്റ്റ് 18-ന് ഫാമിലി കോടതിയിൽ നടന്ന വാദത്തിനിടെയാണ് ദിവ്യ മിശ്ര 1.5 കോടി രൂപയുടെ സെറ്റിൽമെന്റ് തുക ആവശ്യപ്പെട്ടത്. സ്വകാര്യ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജരായ ദിവ്യയും ബാങ്ക് ക്ലർക്കായ മാനസും തമ്മിൽ 2017-ലായിരുന്നു വിവാഹം നടന്നത്. എന്നാൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ജനുവരിയിൽ ദിവ്യ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. കോടതി നടപടികൾക്ക് പിന്നാലെ മാനസികമായി തകർന്ന മാനസ് രണ്ട് ദിവസത്തോളം ദിവ്യയെ നിരീക്ഷിച്ച ശേഷമാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഗോമതി നഗറിലെ ബാങ്കിന് പുറത്തുവെച്ച് ദിവ്യയെ വെടിവെച്ചുകൊന്ന ശേഷം, ഹുസാദിയ ക്രോസിംഗിലെ വീട്ടിലെത്തിയ മാനസ് തന്റെ ഇളയ സഹോദരി ഷീബയെയും (28) വെടിവെച്ചു കൊലപ്പെടുത്തി സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ച പുറത്തുകേൾക്കാതിരിക്കാൻ വീട്ടിലെ ടിവിയുടെ ശബ്ദം പരമാവധി കൂട്ടിയിട്ട നിലയിലായിരുന്നു. ഭാര്യ തന്നെ വഞ്ചിച്ചുവെന്നും സഹോദരിയെയും സ്വയം ഇല്ലാതാക്കുകയാണെന്നും കാണിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമാണ് മാനസ് ജീവനൊടുക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.