'ട്രംപ് ഹോട്ടൽ റെന്റൽ' വ്യാജ ആപ്ലിക്കേഷൻ വഴി വൻ നിക്ഷേപ തട്ടിപ്പ്; 200ലധികം പേർ തട്ടിപ്പിന് ഇരകൾ

ബംഗളൂരു: 'ട്രംപ് ഹോട്ടൽ റെന്റൽ' എന്ന വ്യാജ ആപ്ലിക്കേഷൻ വഴി കർണാടകയിൽ വൻ നിക്ഷേപ തട്ടിപ്പ്. എ.ഐ ടൂൾ ഉപയോഗിച്ച് നിർമിച്ച ഡോണാൾഡ് ട്രംപിന്റെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് 200ലധികം നിക്ഷേപകരെയാണ് കബളിപ്പിച്ചത്. ഏകദേശം രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപകരെ വിദൂര ജോലി അവസരങ്ങൾ, ലാഭകരമായ നിക്ഷേപ പദ്ധതികൾ എന്നീ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് കബളിപ്പിച്ചതെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനായി വ്യാജ പരസ്യങ്ങളും എ.ഐ സൃഷ്ടിച്ച ഉള്ളടക്കങ്ങളും ഉപയോഗിച്ചു.

ബെംഗളൂരു, തുമകുരു, മംഗളൂരു, ഹുബ്ബള്ളി, ധാർവാഡ്, കലബുറഗി, ശിവമോഗ, ബല്ലാരി, ബിദാർ, ഹാവേരി തുടങ്ങി നിരവധി ജില്ലകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹാവേരി ജില്ലയിൽ മാത്രം കുറഞ്ഞത് 15 പരാതികളെങ്കിലും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉപയോക്താക്കൾക്കിടയിൽ വിശ്വാസം വളർത്തുന്നതിനായി ആപ്പ് തുടക്കത്തിൽ ചെറുതും സമയബന്ധിതവുമായ പേ ഔട്ടുകൾ നൽകിയിരുന്നുവെന്ന് സി.ഇ.എൻ യൂണിറ്റിലെ ഇൻസ്പെക്ടർ എസ് ആർ ഗണാചാരി പറഞ്ഞു.

കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Fake Trump Hotel Rental App Scams Over 800 Investors In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.