ദിജിൻ, അതുൽ കൃഷ്ണ, അംജത്ഷാ, സാരംഗ്, അഫ്നാൻ
ഫറോക്ക്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ളനോട്ട് വേട്ട. വെള്ളിയാഴ്ച രാത്രി ഫറോക്ക് പൊലീസ് നടത്തിയ റെയ്ഡിൽ 500ന്റെ 57 കള്ളനോട്ടുകളും പ്രിന്ററും ഭാഗികമായി അച്ചടിച്ച 30 എ4 പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. സംഭവത്തിൽ ബിരുദ വിദ്യാർഥികളടക്കം അഞ്ചു പേർ അറസ്റ്റിലായി. രാമനാട്ടുകര വൈദ്യരങ്ങാടി മേത്തിൽ തൊടി ദിജിൻ(19), കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അതുൽ കൃഷ്ണ(19), അരീക്കോട് തിരുത്തി പറമ്പിൽ അംജത്ഷാ (20), മുക്കം നെല്ലിക്കാപ്പറമ്പിൽ കെ. സാരംഗ്(20), അരീക്കോട് പേരാട്ടമ്മൽ അഫ്നാൻ (19) എന്നിവരാണ് അറസ്റ്റിലായത്.
ഫറോക്ക് ഡിവിഷൻ അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും പ്രതികളുടെ വീടുകളില്‍ വെള്ളിയാഴ്ച രാത്രി തുടങ്ങിയ പരിശോധന ശനിയാഴ്ച ഉച്ചവരെ നീണ്ടു. രാമനാട്ടുകര ഭാഗത്ത് ഒരാൾ കള്ളനോട്ട് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിജിന്റെ വീട് റെയ്ഡ് നടത്തി 500 രൂപയുടെ 37 നോട്ടുകൾ കണ്ടെടുത്ത് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളിലേക്ക് അന്വേഷണ സംഘത്തിന് എത്താനായത്.
ദിജിന് കള്ളനോട്ട് നൽകിയ മൊറയൂരിലെ അതുൽ കൃഷ്ണയുടെ വീട്ടിൽനിന്ന് 500ന്റെ 20 നോട്ടുകൾ പിടിച്ചെടുത്തു. തുടർന്ന് ഇയാൾക്ക് നോട്ടുകൾ നൽകിയ അംജത്ഷാ, അഫ്നാൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിന്റ് ചെയ്ത് വെട്ടിമാറ്റാത്ത 30 എ4 പേപ്പറുകൾ അംജത്ഷായുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. സാരംഗിന്റെ മണാശ്ശേരിയിലെ വാടക വീട്ടിൽനിന്നാണ് പ്രിന്റർ പിടിച്ചെടുത്തത്. ഫറോക്ക് എസ്.ഐ.മാരായ സജിനി, മിഥുൻ, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ അനൂജ് വളയനാട്, സനീഷ് പന്തീരങ്കാവ്, ഐ.ടി. വിനോദ്, സി.പി.ഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.