അ​സ്ക​ർ, സി​യാ​ദ്

കേസ് നടത്താമെന്ന് പറഞ്ഞ് പണം തട്ടിയ കേസ്: രണ്ടുപേർ പിടിയിൽ

വളാഞ്ചേരി: അടിപിടിക്കേസിൽപെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. താനൂർ ചെറുപുരക്കൽ അസ്കർ (35), പുറമണ്ണൂർ ഇരുമ്പലയിൽ സിയാദ് (40) എന്നിവരെയാണ് എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27നാണ് കേസിനാസ്പദമായ സംഭവം.

വലിയകുന്ന് സ്വദേശി ബൈജുവിന്‍റെ ഭാര്യയുടെ പരാതിയിലാണ് കേസ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബൈജുവും മറ്റൊരു വ്യക്തിയും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. ഇത് സംബന്ധിച്ച് വളാഞ്ചേരി പൊലീസിൽ കേസുണ്ട്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പം ഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞാണ് പ്രതികൾ ബൈജുവിനെ സമീപിച്ചത്. ഇയാളിൽനിന്ന് 1,27,000 രൂപയോളം കൈക്കലാക്കുകയും ചെയ്തു.

തുക വാങ്ങിയിട്ടും കേസിൽ പ്രത്യേകിച്ച് വഴിത്തിരിവുകൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്നാണ് വളാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.പൊലീസിൽ പിടിപാടുണ്ടെന്നും മന്ത്രി തലത്തിൽവരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ് പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചത്.

ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ അസ്കറിനെ താനൂർ പൊലീസിന്‍റെ സഹാത്തോടെയാണ് പിടികൂടിയത്.എസ്.എച്ച്.ഒ കെ.ജെ. ജിനേഷിനെ കൂടാതെ എസ്.ഐമാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. എസ്.സി.പി.ഒ പത്മിനി, സി.പി.ഒ വിനീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Extorted money saying case could be filed: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.