എക്സൈസ് പിടിയിലായ പ്രതികൾ
നെടുമങ്ങാട്: കഞ്ചാവുമായി നാലുപേർ പിടിയിൽ. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
നെടുമങ്ങാട് - പനവൂർ കൊല്ല ജങ്ഷന് സമീപം നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ 55 ഗ്രാം കഞ്ചാവുമായി വന്ന നെടുമങ്ങാട് തത്തൻകോട് പള്ളിവിളാകത്ത് പുത്തൻവീട്ടിൽ ഷിനുവിനെ (25) അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
മറ്റൊരു പരിശോധനയിൽ നെടുമങ്ങാട് നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിന് സമീപത്തുവെച്ച് സ്കൂട്ടറിൽ 110 ഗ്രാം കഞ്ചാവ് വിൽനക്കായി കൊണ്ടുവന്ന പനവൂർ ആട്ടുകാൽ ചാവറക്കോണം റംസീന മൻസിലിൽ മുഹമ്മദ് റാഷിദിനെയും (25) ഇയാൾക്ക് കഞ്ചാവ് എത്തിച്ച തൊളിക്കോട് മാങ്കോട്ടുകോണം ആഷിക് മൻസിലിൽ മുഹമ്മദ് ആഷിക്കിനെയും (26) അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും വിൽപനയിലൂടെ ലഭിച്ച 10500 രൂപയും പിടിച്ചെടുത്തു.
മറ്റൊരു പരിശോധനയിൽ നെടുമങ്ങാട് വേട്ടംപള്ളി -കല്ലിയോടുവെച്ച് 22 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് നെടുമങ്ങാട് അനാട് വേട്ടംപള്ളി കൊല്ല - അനായിക്കോണം രേഷ്മ ഭവനിൽ രാജേഷിനെ (24) അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റിവ് ഓഫിസറായ അനിൽകുമാർ, നാസറുദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദ്ദീൻ, ഷജിം, മുഹമ്മദ് മിലാദ്, ശ്രീകാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ രജിത, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.