ഭോപ്പാൽ: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവും തുടർന്ന് പരീക്ഷ റദ്ദാക്കിയതും മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഒരു മെഡിക്കൽ പ്രവേശന പരീക്ഷാർത്ഥിനിയുടെ മരണമാണ് രാജ്യവ്യാപകമായി ചർച്ചയാകുന്നത്. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ മഗാനിയ ഗ്രാമത്തിൽ നിന്നുള്ള 18-കാരിയായ ആകാൻഷ ചതുർവേദി, നാഗ്പൂരിൽ കോച്ചിംഗ് നടത്തി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മേയ് 20-ന് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷമാണ് ബന്ധുക്കൾ വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പിലൂടെയാണ് മരണകാരണം പുറംലോകമറിഞ്ഞത്.
"അമ്മേ, പപ്പേ... നിങ്ങളുടെ മകൾ നന്നായി പഠിച്ച് ഒരു ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് ഇനി നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല. എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു," എന്ന് ആകാൻഷ കത്തിൽ കുറിച്ചിരുന്നു. മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും 720-ൽ 650-ലധികം മാർക്ക് ലഭിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നു അവൾ. എന്നാൽ, രാജ്യവ്യാപകമായി ഉയർന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ആകാൻഷ കടുത്ത നിരാശയിലാവുകയും തീവ്രമായ ഡിപ്രഷനിലേക്ക് വീഴുകയും ചെയ്തു.
പരീക്ഷാ ക്രമക്കേടുകളുടെയും പേപ്പർ ചോർച്ച ആരോപണങ്ങളുടെയും വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇത്രയും കഠിനാധ്വാനം ചെയ്ത് എഴുതിയ പരീക്ഷയുടെ മൂല്യം നഷ്ടപ്പെട്ടതും, ജൂൺ 21-ലേക്ക് നിശ്ചയിച്ച റീടെസ്റ്റിനെ വീണ്ടും നേരിടാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പരീക്ഷാ റദ്ദാക്കലിന് ശേഷം അവൾ ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും പൂർണ്ണമായി നിർത്തിയിരുന്നു.
ആകാൻഷയെ ഡോക്ടറാക്കുക എന്നത് നിർധന കുടുംബത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു. നാഗ്പൂരിൽ പാചകക്കാരനായി ജോലി ചെയ്യുന്ന പിതാവ് കൃഷ്ണ കുമാർ ചതുർവേദി ലോണെടുത്തും ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിയുമാണ് കുടുംബം അവളെ നാഗ്പൂരിലെ കോച്ചിംഗ് സെന്ററിലേക്ക് അയച്ചത്. ഹൃദ്രോഗിയായ പിതാവിന്റെ ആരോഗ്യസ്ഥിതിയും കുടുംബത്തിന്റെ കടുത്ത സാമ്പത്തിക ബാധ്യതകളും ആകാൻഷയെ മാനസികമായി ഏറെ അലട്ടിയിരുന്നു.
ആകാൻഷയുടെ ആത്മഹത്യയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. "ഒരു ഡോക്ടറാകാനും സമൂഹത്തെ സേവിക്കാനുമാണ് അകാൻഷ ആഗ്രഹിച്ചത്. അവളുടെ അച്ഛൻ ഒരു കർഷകനാണ്... അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്തു, പിന്നീട് നീറ്റ് പേപ്പർ ചോർന്നു, പരീക്ഷ റദ്ദാക്കി, ഈ അനിശ്ചിതത്വത്തിനിടയിലാണ് അകാൻഷ നമ്മളെ വിട്ടുപോയത്" അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ആകാൻഷയുടെ മരണം ആത്മഹത്യയല്ല, മറിച്ച് ഒരു "തകർന്ന ഘടനയുടെ" ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചോർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുകൊണ്ട്, ഒരു കസേരയും സ്ഥിരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ "നാശത്തിന്" ഒരു തലമുറ മുഴുവൻ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ , പുനഃപരീക്ഷ "നീതി" അല്ലെന്നും "ഇത്രയും കുട്ടികൾ ആത്മഹത്യയിലൂടെ മരിച്ചു. അവർക്ക് എപ്പോഴാണ് നീതി ലഭിക്കുക?" എന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.