ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ആൾദൈവവും മക്കളും അറസ്റ്റിൽ

ഗുവാഹത്തി: ഗർഭിണിയായ 18കാരിയെ ​കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ വയോധികനായ ആത്മീയ ചികിത്സകനും മക്കളും അറസ്റ്റിൽ. അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. ജഗത് സിംഹ എന്നയാളാണ് പിടിയിലായത്. പെൺകുട്ടിയെ കാണാതായതായി നാലുദിവസം മുമ്പാണ് കുടുംബം പരാതി നൽകിയത്.

തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. പ്രാദേശിക കോളജ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് 18 വയസ് പൂർത്തിയായത്. കൊല്ലപ്പെടുന്ന സമയം പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതായി ജോർഹട്ട് പൊലീസ് അറിയിച്ചു.

ചോദ്യംചെയ്യലിൽ ജഗത് സിംഹ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിച്ചില്ലെന്ന് ആരോപിച്ച് ഒരു പ്രാദേശിക ഫാർമസിസ്റ്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതും പോക്സോ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി.

ജഗത് സിംഹയുടെ മക്കളായ ജിബോൺ (40), കിഷൻ (31) എന്നിവരെ കുറ്റകൃത്യത്തിന് സഹായിച്ചതിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന ആത്മീയ ചികിത്സകനാണ് സിംഹയെന്ന് ​ ജോർഹട്ട് എസ്.എസ്.പി സുഭ്രജ്യോതി ബോറ പറഞ്ഞു. ഇയാൾ ഈ സ്വാധീനമുപയോഗിച്ചാണോ പെൺകുട്ടിയെ അതിക്രമത്തിനിരയാക്കി​യ​തെന്ന് പരിശോധിച്ചുവരികയാണെന്നും ബോറ പറഞ്ഞു.

നവംബർ ഏഴിനാണ് കുട്ടിയെ കാണാനി​ല്ലെന്ന് കുടുംബം പരാതി നൽകിയത്. പിന്നാലെ, സിംഹ​യെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഒമ്പതാം തീയതി സിംഹ പൊലീസ് സ്​റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ, ഇയാൾ പൊലീസിനോട് കുറ്റം ഏറ്റുപറയുകയായിരുന്നു. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി ഇയാൾ വിവിധ ​കേന്ദ്രങ്ങളെ സമീപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശ്വാസിയായിരുന്ന പെൺകുട്ടിയെ ഇയാൾ ത​ന്ത്രപൂർവമാണ് വലയിലാക്കിയത്. പരീക്ഷയിൽ ജയിക്കാൻ അത്ഭുത ശക്തിയുള്ളതെന്ന പേരിൽ കുട്ടിക്ക് ഇയാൾ പേന സമ്മാനിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തുന്നു.

അതേസമയം, മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ​പൊലീസിനെതിരെ പ്രതിഷേധിച്ചു. പ്രാദേശിക പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് നിരുത്തരവാദിത്വപരമായാണ് കേസന്വേഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം കന​ത്തതോടെ സർക്കാർ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Elderly faith healer arrested after pregnant teens body found in septic tank in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.