ചെന്നൈ: തനിച്ച് താമസിക്കുന്ന വയോധിക ദമ്പതികളെ ഫാംഹൗസിൽ കൊല്ലപ്പെട്ട നിലയിൽ കെണ്ടത്തി. ഈറോഡിന് സമീപം ശിവഗിരി വേളാങ്ങാട് വലസ് ഗ്രാമത്തിലെ രാമസാമി(75), ഭാര്യ ഭാഗ്യം(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ 12 പവൻ സ്വർണാഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു.
മുത്തൂരിൽ മോട്ടോർ വിൽപന കേന്ദ്രം നടത്തുകയാണ് മകൻ കവിശങ്കർ. മകൾ ഭാനുമതി വിവാഹിതയായി ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. നാലുദിവസമായി മാതാപിതാക്കളുടെ വിവരമൊന്നുമില്ലാത്തനിലയിൽ ബന്ധുക്കളെ വിട്ട് അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരമറിയുന്നത്. രാമസാമിയുടെ മൃതദേഹം വീട്ടുമുറ്റത്തും ഭാഗ്യത്തിന്റേത് അകത്തും ജീർണിച്ച നിലയിലാണ് കിടന്നിരുന്നത്. നാലുദിവസം മുമ്പ് മരണം നടന്നതായാണ് പൊലീസിന്റെ അനുമാനം.
ഏഴ് പവന്റെ താലിമാല ഉൾപ്പെടെ 12 പവന്റെ സ്വർണാഭരണങ്ങൾ പ്രതികൾ കൊള്ളയടിച്ചു. പ്രദേശത്ത് ഒറ്റപ്പെട്ട നിലയിലാണ് ഫാംഹൗസ് സ്ഥിതി ചെയ്തിരുന്നത്. പ്രതികളെ പിടികൂടുന്നതിന് എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കൾ ക്രമസമാധാനപാലനത്തിൽ ഡി.എം.കെ സർക്കാർ പരാജയപ്പെട്ടതായി ആരോപിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.