മന്ത്രവാദം നടത്തിയെന്നാരോപിച്ച് വയോധിക ദമ്പതികളെ ബന്ധുക്കൾ കൊലപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മന്ത്രവാദം നടത്തിയതിന് വയോധിക ദമ്പതികളെ ബന്ധുക്കൾ കൊലപ്പെടുത്തി. ഗുംലയിലെ ഭഗത് ബുക്മ ഗ്രാമനിവാസികളായ ലുന്ദ്ര ചിക് ബറൈക് (65), ഫുൽമ ദേവി(60) എന്നിവരാണ് കൊല്ലപ്പെട്ടത്. കോടാലിയും വടിയുമുൾപ്പെടെ മൂർച്ചേറിയ ആയുധങ്ങൾ കൊണ്ടുണ്ടായ ആക്രമണമാണ് മരണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ലുന്ദ്രയുടെ ഭാര്യസഹോദരി സുമിത്രാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻ രവീന്ദ്രയുടേയും മറ്റുള്ളവരുടേയും പങ്ക് അന്വേഷിച്ചു വരികയാണ്.

ദമ്പതികൾ മന്ത്രവാദികളാണെന്നും ഇരുവരും ചേർന്ന് മന്ത്രവാദത്തിലൂടെ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സുമിത്ര പൊലീസിന് മൊഴി നൽകി. സുമിത്രയുടെ മകൾ കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് ഉത്തരവാദികൾ ദമ്പതികളാണെന്ന് കുട്ടി പറഞ്ഞിരുന്നുവെന്നും സുമിത്ര അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച ലുന്ദ്ര ഗ്രാമത്തലവനെ കണ്ടിരുന്നുവെന്നും, സുചിത്രയും കുടുംബവും ഭീഷണിപ്പെടുത്തുന്നതായി പരാതിപ്പെട്ടിരുന്നതായും മുൻ ഗ്രാമത്തലവനായ കിഷുൻ ഭഗത് പറഞ്ഞു. നിലവിലെ തലവനായ ജയ്റാം ഭാഗതിന്‍റെ നേതൃത്വത്തിൽ ഇരു കുടുംബങ്ങളെയും ചേർത്ത് ചർച്ച നടത്തിയിരുന്നു. എന്നാൽ സുചിത്രയുടെ കുടുംബം അനുനയ ശ്രമത്തിന് എതിരായിരുന്നുവെന്നും ലുന്ദ്രക്കും കുടുംബത്തിനുമെതിരെ മന്ത്രവാദ ആരോപണം ഉയർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ഒത്തുതീർപ്പാവാതെ വന്നതോടെ ലുന്ദ്ര പൊലീസിൽ പരാതി നൽകാൻ പോയിരുന്നു. പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്ന് രാത്രിയാണ് മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ജനുവരിയിലും മന്ത്രവാദം ആരോപിച്ച് ദമ്പതികളെ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. 2001നും 2020നുമിടയിൽ 590 പേരാണ് ഇത്തരത്തിൽ മന്ത്രവാദ ആരോപണത്തെത്തുടർന്ന് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൽ.സി.ആർ.ബി) കണക്കുകൾ വ്യക്തമാക്കുന്നു.

2013ലാണ് സംസ്ഥാനത്ത് മന്ത്രവാദ ആരോപണത്തെത്തുടർന്ന് ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത്. 654 പേരാണ് കൊല്ലപ്പെട്ടത്. 2008ൽ 52, 2007ൽ 50 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 2015ൽ 32 പേരും, 2016ൽ 27 പേർ, 2017 ൽ 19, 2018 ൽ 18, 2019ലും 2020 ലും 15 പേർ വീതവുമാണ് കൊല്ലപ്പെട്ടത്. 

Tags:    
News Summary - elder couple killed by family alleging witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.