മണ്ണന്തല: സവാരിക്കെന്നു പറഞ്ഞ് യൂബര്‍ ടാക്‌സി വിളിച്ച് ഡ്രൈവറെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പണം തട്ടിയെടുത്ത പത്തംഗ സംഘത്തിലെ എട്ടാംപ്രതിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. പാറോട്ടുകോണം തിലക് നഗര്‍ സ്വദേശി ജിനു (26) ആണ് പിടിയിലായത്. വണ്ടിത്തടം തിരുവല്ലം ഭാഗത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ജിനു പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 10ന് രാത്രി 11ഓടെ പാറോട്ടുകോണം -ശ്രീകാര്യം റൂട്ടില്‍ ഇടവാക്കോടുനിന്നും യൂബര്‍ ടാക്‌സി ഡ്രൈവറായ കരകുളം സ്വദേശി അരുണ്‍രാജിനെ (40) സംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് ഓട്ടം വിളിക്കുകയായിരുന്നു. കുറച്ചു ദൂരം സഞ്ചരിക്കവേ വഴിയില്‍ നിന്നും മറ്റ് പ്രതികള്‍ വാഹനത്തില്‍ കയറുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് അരുണ്‍രാജിനെ ക്രൂരമായി മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന ആറായിരം രൂപയും ഫോണും മറ്റ് വസ്തു വകകളും അപകരിച്ച് കടക്കുകയായിരുന്നു.
മര്‍ദനമേറ്റ് ഉച്ചത്തില്‍ നിലവിളിച്ച അരുണ്‍രാജിനെ നാട്ടുകാര്‍ എത്തുന്നതിനു മുമ്പ് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. കേസെടുത്ത പൊലീസ് നിമിഷങ്ങള്‍ക്കുള്ളിൽ കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതി കാപ്പിരി ജിതിന്‍ ഉള്‍പ്പെടെ ആറുപേരെ പിടികൂടി. ദിവസങ്ങള്‍ക്ക് മുമ്പ് കോവളം സ്വദേശി പ്രകാശിനെ പേരൂര്‍ക്കടയില്‍ നിന്ന് മണ്ണന്തല പൊലീസ് പിടികൂടി.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജിനുവിനെ പിടികൂടിയത്. ജിനു പാറോട്ടുകോണത്തുനിന്നും കൂട്ടാളികള്‍ക്കൊപ്പം അരുണ്‍രാജിന്റെ കാറില്‍ കയറുകയും സംഭവത്തില്‍ പങ്കാളിയാകുകയുമായിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ 2024-ല്‍ മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇനി രണ്ട്‌പേര്‍കൂടി പിടിയിലാകാനുണ്ട്. മണ്ണന്തല എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.