ഹണിട്രാപ്പിൽ വ്യാപാരിയുടെ 50 ലക്ഷത്തോളം കവർന്ന കേസിൽ പെൺകുട്ടി അറസ്റ്റിൽ

ചങ്ങരംകുളം: വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരു പെൺകുട്ടി കൂടി അറസ്റ്റിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പരാതിക്കാരനായ വ്യാപാരിയെ പ്രതിയാക്കി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റു പ്രതികളുടെ ഒത്താശയോടെ കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു. ചാലിശ്ശേരി പൊലീസ് പൊന്നാനി പൊലീസിന് കൈമാറിയ പരാതിയിൽ വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണത്തിൽ പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് കണ്ടെത്തുകയായിരുന്നു. 

ഹണിട്രാപ്പിൽ ഭാഗമായ പെൺകുട്ടിക്കെതിരെ നേരത്തെ കേസെടുത്തെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് സംഭവത്തിൽ പെൺകുട്ടിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല.  പ്രായപൂർത്തി ആയതോടെ കൃത്യത്തിൽ പങ്കാളിയായ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈകോടതി തന്നെ നിർദേശം നൽകുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ 19കാരിയെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസിൽ അറസ്റ്റ് ചെയ്തത്. 2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 ഓളം പ്രതികളെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

രണ്ടര വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി സ്വദേശിയായ വ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന വ്യാജേന എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് മയക്കി തട്ടിക്കൊണ്ട് പോയത്. തുടർന്ന് വിലപിടിപ്പുള്ള കാറും സ്വർണ്ണവും പണവും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായൗരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആഢംബര കാർ, സ്വർണ്ണാഭരണം, പണം, വിലകൂടിയ വാച്ച് എന്നിവ ഉൾപ്പടെ 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ 15 പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. 

Tags:    
News Summary - Edappal honey trap one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.