വർക്കല (തിരുവനന്തപുരം): 'വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍. ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്‍റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. അയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്' -ട്രെയിനിലെ നടുക്കുന്ന അനുഭവത്തിൽനിന്ന് അർച്ചന ഇനിയും മുക്തയായിട്ടില്ല. ആലുവ മുതൽ ഒപ്പമുണ്ടായിരുന്ന സഹയാത്രിക പാലോട് സ്വദേശിനി സോനയെന്ന ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മദ്യപൻ ട്രാക്കിലേക്ക് ചവിട്ടിത്തള്ളിയിട്ടതിന്റെ ഭീതിയലാണിവർ. ട്രെയിനിൽ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് അർച്ചന പറഞ്ഞു.
ഗുരുതര പരിക്കേറ്റ സോനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം പനച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ (43) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രക്കാരിയുടെ പരാതിയിൽ ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഞായറാഴ്ച രാത്രി 8.30ന് കേരള എക്സ്പ്രസിലാണ് സംഭവം. ജനറൽ കംപാർട്ട്മെന്‍റിൽ ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇരുവരും. വർക്കല റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ അർച്ചന കംപാർട്ട്മെന്‍റിലെ ശുചിമുറിയിലേക്ക് പോയി. ഇവർക്ക് കൂട്ടായി കാപാർട്ട്മെന്‍റിന്‍റെ വാതിലിൽ നിന്നതായിരുന്നു സോന. ഈസമയം സുരേഷ് കുമാർ ശുചിമുറിക്ക് സമീപം മദ്യപിച്ച് നിൽപ്പുണ്ടായിരുന്നു. പ്രകോപനംകൂടാതെ സുരേഷ് വാതിലിൽ നിന്ന സോനയുടെ നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയ അർച്ചനയെയും ഇയാൾ കൈയിൽപിടിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് എത്തിയ സഹയാത്രികർ ഇവരെ രക്ഷിക്കുകയും സുരേഷ് കുമാറിനെ ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. യാത്രക്കാർ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു.
അതേസമയം കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിനിലെ ലോക്കോ പൈലറ്റ് വർക്കല അയന്തി മേൽപാലത്തിലെ ട്രാക്കിന് സമീപം അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടു. ട്രെയിൻ നിർത്തി പെൺകുട്ടിയെ വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. വർക്കല മിഷൻ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽവെച്ച് സുരേഷ് കുമാറിനെ യാത്രക്കാർ ആർ.പി.എഫിന് കൈമാറി. താൻ യുവതിയെ ഉപദ്രവിച്ചില്ലെന്നാണ് ഇയാളുടെ മൊഴി. ഇയാളെ പൊലീസ് രാത്രിയോടെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.